മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ്റെ അഭിപ്രായത്തിൽ, ഏഷ്യാ കപ്പ് 2025-നുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയെങ്കിലും സഞ്ജു സാംസണ് അന്തിമ പ്ലേയിംഗ് ഇലവനിൽ സ്ഥാനം ലഭിക്കാൻ സാധ്യതയില്ല.

സഞ്ജു കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനായി ഓപ്പണറായി തിളങ്ങി എങ്കിലും, മധ്യനിരയിലും സഞ്ജു ബാറ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. മധ്യനിരയിൽ കളിച്ചാൽ ഇന്ത്യയുടെ നമ്പർ 5 സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കാൻ സാധ്യത ഉണ്ടെന്ന് ഇർഫാൻ പറഞ്ഞു.
“സഞ്ജുവിന് പ്ലേയിംഗ് ഇലവനിൽ ഒരുപക്ഷേ സ്ഥാനം കിട്ടാൻ പ്രയാസമാണ്. പക്ഷെ ലോ ഓർഡറിൽ ബാറ്റ് ചെയ്യാൻ അയാൾക്ക് കഴിയുമെങ്കിൽ, എന്തുകൊണ്ട് ശ്രമിച്ചുകൂടാ? സഞ്ജു അഞ്ചാം നമ്പറിൽ കളിക്കുകയാണെങ്കിൽ, ജിതേഷ് ശർമ്മയ്ക്ക് അവസരം നഷ്ടപ്പെട്ടേക്കാം,” സോണി സ്പോർട്സ് നെറ്റ്‌വർക്കുമായുള്ള ഒരു സംഭാഷണത്തിൽ പത്താൻ പറഞ്ഞു.
അതേസമയം, സഞ്ജുവിൻ്റെ സ്ഥിരതയില്ലായ്മയെക്കുറിച്ചുള്ള ആശങ്കകളും പത്താൻ പങ്കുവെച്ചു. സഞ്ജുവിന് മത്സരങ്ങൾ വിജയിപ്പിക്കാൻ കഴിയുന്ന ഇന്നിംഗ്സുകൾ കളിക്കാൻ സാധിക്കുമെങ്കിലും, മികച്ച സ്കോറിനും ചെറിയ സ്കോറിനും ഇടയിലുള്ള മാറ്റങ്ങൾ ഇപ്പോഴും ഒരു ചോദ്യചിഹ്നമായി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.