പാക്കിസ്ഥാന് ക്രിക്കറ്റിലെ പ്രധാന താരമായിരുന്നു സൽമാന് ബട്ട് ഒരു ഘട്ടത്തിലെങ്കിലും 2010 ലെ സ്പോട്ട് ഫിക്സിംഗിലെ പങ്കാളിത്തം താരത്തിന്റെ കരിയര്‍ തകര്‍ത്ത് കളയുന്നതാണ് പിന്നീട് കണ്ടത്. അഞ്ച് വര്‍ഷത്തേക്ക് വിലക്ക് ഏറ്റുവാങ്ങിയ താരത്തിന് പിന്നീടൊരു തിരിച്ചുവരവ് അസാധ്യമായി മാറുകയായിരുന്നു.
ഇപ്പോൾ ലഭിയ്ക്കുന്ന വിവരം പ്രകാരം താരം മാച്ച് റഫറിയായി പുതിയ കരിയര്‍ ആരംഭിക്കുവാനുള്ള ശ്രമത്തിലാണെന്നാണ്. അമ്പയര്‍മാര്‍ക്കും മാച്ച് ഒഫീഷ്യലുകള്ക്കുമായുള്ള ലെവൽ – 1 കോഴ്സിൽ സൽമാന് ബട്ട് പങ്കെടുത്തുവെന്നാണ് അറിയുന്നത്.
പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ഓൺലൈനായി സംഘടിപ്പിച്ച കോഴ്സിൽ 350ഓളം ആളുകള്‍ പങ്കെടുത്തുവെന്നാണ് അറിയുന്നത്. ക്രിക്കറ്റര്‍മാര്‍ക്ക് കരിയറിന് ശേഷവും തൊഴിൽ ഉറപ്പാക്കുന്നതിനായാണ് പാക്കിസ്ഥാന് ബോര്‍ഡ് ഈ കോഴ്സുമായി മുന്നോട്ട് വന്നത്.
കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം എഴുത്ത് പരീക്ഷയും ഫിറ്റ്നെസ്സ് ടെസ്റ്റും ഉണ്ടെന്നാണ് അറിയുന്നത്. സൽമാന് ബട്ട് 2003 മുതൽ 2010 വരെയുള്ള തന്റെ എട്ട് വര്‍ഷത്തെ കരിയറിൽ പാക്കിസ്ഥാന് വേണ്ടി 33 ടെസ്റ്റുകളിലും 78 ഏകദിനങ്ങളിലും കളിച്ച യഥാക്രമം 1889, 2725 റൺസ് ആണ് നേടിയിട്ടുള്ളത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ പാക്കിസ്ഥാനായി 11 ശതകങ്ങളും 27 അര്‍ദ്ധ ശതകങ്ങളും താരം പാക്കിസ്ഥാന് വേണ്ടി നേടി.