CricketFeaturedT20 World Cup

അഹമ്മദാബാദിൽ തകര്‍ന്നടിഞ്ഞ് ഇന്ത്യ, 111 ഓള്‍ഔട്ട്

Southafrica

ഇന്ത്യയ്ക്കെതിരെ 76 റൺസിന്റെ കൂറ്റന്‍ വിജയവുമായി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്ക 187/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യ 18.5 ഓവറിൽ 111 റൺസിന് പുറത്തായി. 42 റൺസ് നേടിയ ശിവം ദുബേ മാത്രമാണ് ഇന്ത്യന്‍ ബാറ്റിംഗിൽ ചെറുത്ത്നില്പുയര്‍ത്തിയത്. താരത്തിന്റെ ഇന്നിംഗ്സ് കൂടി ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ നൂറ് പോലും കടക്കില്ലായിരുന്നു.

ആദ്യ ഓവറില്‍ ഇഷാന്‍ കിഷനെ എയ്ഡന്‍ മാര്‍ക്രം പുറത്താക്കിയപ്പോള്‍ തിലക് വര്‍മ്മയേയും അഭിഷേക് ശര്‍മ്മയെയും പുറത്താക്കി മാര്‍ക്കോ ജാന്‍സനും ഇന്ത്യയ്ക്ക് തിരിച്ചടി നൽകി. 26/3 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് പവര്‍പ്ലേയ്ക്ക് ശേഷം വാഷിംഗ്ടൺ സുന്ദറിനെ നഷ്ടമായി. 11 റൺസ് നേടിയ സുന്ദര്‍ പുറത്താകുമ്പോള്‍ ഇന്ത്യ 43/4 എന്ന നിലയിലായിരുന്നു.

വാഷിംഗ്ടൺ സുന്ദറിനെ പുറത്താക്കിയ കോര്‍ബിന്‍ ബോഷ് 18 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ പുറത്താക്കിയപ്പോള്‍ ഇന്ത്യ 51/5 എന്ന നിലയിൽ തകര്‍ന്നടിഞ്ഞു. പത്തോവറിനുള്ളിൽ 57/5 എന്ന നിലയിലേക്ക് ഇന്ത്യ വീഴുകയായിരുന്നു.

ആറാം വിക്കറ്റിൽ 35 റൺസ് നേടി ഹാര്‍ദ്ദിക് – ശിവം ദുബേ കൂട്ടുകെട്ട് ചെറുത്ത്നില്പിന് ശ്രമിച്ചുവെങ്കിലും കേശവ് മഹാരാജ് ഹാര്‍ദ്ദിക്കിനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്തു. അതേ ഓവറിൽ തന്നെ കേശവ് മഹാരാജ് റിങ്കു സിംഗിനെയും അര്‍ഷ്ദീപ് സിംഗിനെയും പുറത്താക്കി ഇന്ത്യയുടെ തകര്‍ച്ച പൂര്‍ണ്ണമാക്കി.

42 റൺസ് നേടിയ ശിവം ദുബേയെയും ജസ്പ്രീത് ബുംറയെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി മാര്‍ക്കോ ജാന്‍സെന്‍ നാല് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യ 111 റൺസിൽ ഓള്‍ഔട്ട് ആയി. കേശവ് മഹാരാജ് മൂന്നും കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റും നേടി.