എസ്സെക്സുമായുള്ള കരാര്‍ പുതുക്കി റയാന്‍ ടെന്‍ ഡോഷാറ്റെ

എസ്സെക്സുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി പുതുക്കി വെറ്ററന്‍ ഓള്‍റൗണ്ടര്‍ റയാന്‍ ടെന്‍ ഡോഷാറ്റെ. 2021 സീസണ്‍ അവസാനം വരെ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ എസ്സെക്സിനൊപ്പം ഈ കരാര്‍ പ്രകാരം തുടരും. അഞ്ച് വര്‍ഷത്തിനുള്ളില്‍ എസ്സെക്സ് തങ്ങളുടെ നാല് റെഡ് ബോള്‍ കിരീടം ആണ് ഇതുവരെ നേടിയിട്ടുള്ളത്. ബോബ് വില്ലിസ് ട്രോഫിയില്‍ ഈ വര്‍ഷം എസ്സെക്സ് കിരീടം നേടിയപ്പോള്‍ താരം 31.14 ശരാശരിയിലാണ് ബാറ്റ് വീശിയത്.

ടി20 ബ്ലാസ്റ്റില്‍ താരത്തിന്റെ ശരാശരി 51 റണ്‍സായിരുന്നു. ടൂര്‍ണ്ണമെന്റില്‍ എസ്സെക്സിലെ മറ്റു താരങ്ങള്‍ പരാജയമായി മാറിയിരുന്നു. 2003 മുതല്‍ ക്ലബിനൊപ്പമുള്ള നെതര്‍ലാണ്ട്സ് താരം നാല് സീസണുകളില്‍ ടീമിനെ നയിച്ചിട്ടുണ്ട്. ഡിവിഷന്‍ രണ്ടിലെ കിരീടം ഉള്‍പ്പെടെ ഇതില്‍ മൂന്ന് റെഡ് ബോള്‍ കിരീടങ്ങളും ഉള്‍പ്പെടുന്നു.