ഈഡൻ ഗാർഡൻസിൽ നടന്ന ഐപിഎൽ 2025 ലെ 53-ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 4 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടി. ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ ബാറ്റു ചെയ്യാനുള്ള തീരുമാനം ഫലം കണ്ടപ്പോൾ, ആൻഡ്രെ റസ്സലിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് കെകെആറിന് മികച്ച സ്കോർ സമ്മാനിച്ചത്.

റഹ്‌മാനുള്ള ഗുർബാസ് 25 പന്തിൽ 35 റൺസുമായി മികച്ച തുടക്കം നൽകി. രഹാനെ 30 റൺസുമായി ഇന്നിംഗ്‌സിന് അടിത്തറയിട്ടു. യുവ താരം അംഗ്രിഷ് രഘുവൻഷി 31 പന്തിൽ 44 റൺസുമായി മധ്യനിരയിൽ തിളങ്ങി. അവസാനം ക്രീസിലെത്തിയ റസ്സൽ തകർത്ത്ടിച്ചു.
വെറും 25 പന്തിൽ 4 ഫോറുകളും 6 സിക്സറുകളുമായി പുറത്താകാതെ 57 റൺസ് നേടിയ റസ്സലാണ് കെകെആറിനെ 200 കടത്തിയത്. 6 പന്തിൽ 19 റൺസുമായി റിങ്കു സിംഗ് മികച്ച പിന്തുണ നൽകി.
യുധ്‌വീർ സിംഗും മഹീഷ് തീക്ഷണയും തുടക്കത്തിൽ വിക്കറ്റുകൾ നേടിയെങ്കിലും റൺ ഒഴുക്ക് തടയാൻ റോയൽസ് ബൗളർമാർക്ക് കഴിഞ്ഞില്ല. ആകാശ് മധ്വാളിന് ഇന്ന് മോശം ദിവസമായിരുന്നു. മൂന്ന് ഓവറിൽ 50 റൺസാണ് താരം വഴങ്ങിയത്. താത്കാലിക ക്യാപ്റ്റനായ റിയാൻ പരാഗ് ഒരു വിക്കറ്റ് നേടിയെങ്കിലും കെകെആറിൻ്റെ അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗ് രാജസ്ഥാന് ആശങ്ക നൽകും.