പരിക്കിനെ അവഗണിച്ച് ഇന്ത്യയ്ക്കെതിരെ നേരത്തെ കളിക്കാനെത്തിയത് മണ്ടത്തരം – ഡേവിഡ് വാര്‍ണര്‍

Sports Correspondent

ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയില്‍ വന്ന പരിക്ക് പൂര്‍ണ്ണമായും ഭേദമാകുന്നതിന് മുമ്പ് ബോര്‍ഡര്‍ ഗവാസ്കര്‍ സീരീസിന് വേണ്ടി കളിക്കാനായി എത്തിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍. ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ താരം ടി20 പരമ്പരയിലും ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും കളിച്ചിരുന്നില്ല.

നാല് ടെസ്റ്റ് ഇന്നിംഗ്സുകളില്‍ നിന്ന് വാര്‍ണറുടെ ഉയര്‍ന്ന് സ്കോര്‍ 48 ആയിരുന്നു. ബാക്കി മൂന്ന് ഇന്നിംഗ്സുകളില്‍ 15ല്‍ താഴെ മാത്രം സ്കോര്‍ നേടുവാനാണ് താരത്തിന് സാധിച്ചത്. ടീമിനെ സഹായിക്കുവാന്‍ തന്റെ സാന്നിദ്ധ്യം ആവശ്യമാണെന്ന തോന്നലാണ് തന്നെ ഈ സാഹസത്തിന് പ്രേരിപ്പിച്ചതെന്നും താന്‍ ഒരിക്കലും ഇത്തരത്തില്‍ ധൃതി പിടിച്ച് മത്സരക്കളത്തിലേക്ക് തിരികെ എത്തരുതായിരുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും വാര്‍ണര്‍ സൂചിപ്പിച്ചു.