ജേസണ്‍ റോയ് നല്‍കിയ മികച്ച തുടക്കത്തിനു ശേഷം ഇന്നിംഗ്സ് അവസാനത്തോടെ വിക്കറ്റുകള്‍ തുടരെ നഷ്ടമായെങ്കിലും ഇന്ത്യയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ഇംഗ്ലണ്ട്. 20 ഓവറില്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 198 റണ്‍സാണ് ഇന്ന് നിര്‍ണ്ണായകമായ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് അടിച്ചെടുത്തത്. ഒരു ഘട്ടത്തില്‍ 220നു മേല്‍ സ്കോര്‍ നേടുമെന്ന പ്രതീക്ഷിച്ച ഇംഗ്ലണ്ട് ഇന്നിംഗ്സിനെ 200ല്‍ താഴെ പിടിച്ച് നിര്‍ത്താനായതില്‍ ഇന്ത്യന്‍ ബൗളിംഗിനു ആശ്വസിക്കാം.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 73/0 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് അടുത്ത പത്ത് പന്തില്‍ 21 റണ്‍സ് കൂടി നേടി പടുകൂറ്റന്‍ സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിയ നിമിഷത്തിലാണ് ആദ്യ വിക്കറ്റ് ഇംഗ്ലണ്ടിനു നഷ്ടമായത്. ഒന്നാം വിക്കറ്റില്‍ 7.5 ഓവറില്‍ 94 റണ്‍സാണ് ഇംഗ്ലണ്ടിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയത്.
34 റണ്‍സ് നേടിയ ജോസ് ബട്‍ലറെ പുറത്താക്കി സിദ്ധാര്‍ത്ഥ് കൗള്‍ ആണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ഏറെ വൈകാതെ 67 റണ്‍സ് നേടിയ ജേസണ്‍ റോയ്‍യും പുറത്തായപ്പോള്‍ മത്സരത്തിലേക്ക് ഇംഗ്ലണ്ട് തിരികെ വന്നു. അലക്സ് ഹെയില്‍സ്(30), ഓയിന്‍ മോര്‍ഗന്‍(6) എന്നിവരെ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ തിരിച്ചുവരവ് സാധ്യമാക്കുകയായിരുന്നു.
അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജോണി ബൈര്‍സ്റ്റോ-ബെന്‍ സ്റ്റോക്സ് കൂട്ടുകെട്ട് 41 റണ്‍സ് നേടി മുന്നേറുന്നതിനിടെ ഹാര്‍ദ്ദിക് പാണ്ഡ്യ വീണ്ടും വിക്കറ്റുമായി രംഗത്തെത്തി. 25 റണ്‍സ് നേടി ബൈര്‍സ്റ്റോയെയാണ് ഹാര്‍ദ്ദിക് പുറത്താക്കിയത്. ഹാര്‍ദ്ദിക്കിന്റെ ഇന്നിംഗ്സിലെ നാലാം വിക്കറ്റായിരുന്നു അത്.
പാണ്ഡ്യയ്ക്ക് പുറമേ ദീപക് ചഹാര്‍, ഉമേഷ് യാദവ്, സിദ്ധാര്‍ത്ഥ് കൗള്‍ (2) എന്നിവരും ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial