ഏകദിനത്തിൽ ന്യൂസിലാൻഡിനു വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി റോസ് ടെയ്‌ലർ. ബംഗ്ളാദേശിനെതിരെയുള്ള മത്സരത്തിൽ 51 റൺസ് എടുത്തതോടെയാണ് ടെയ്‌ലർ ന്യൂസിലാൻഡിന്റെ ഏകദിന ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമായത്. മത്സരത്തിൽ 69 റൺസ് എടുത്ത് ടെയ്‌ലർ പുറത്തായിരുന്നു. ബംഗ്ലാദേശിനെതിരെ അർദ്ധ സെഞ്ചുറി നേടിയ ടെയ്‌ലർ ഏകദിനത്തിൽ ന്യൂസിലാൻഡിന് വേണ്ടി ഇതുവരെ 8021 റൺസ് നേടിയിട്ടുണ്ട്. 279 ഏകദിന മത്സരങ്ങളിൽ നിന്ന് 8007 റൺസ് നേടിയ മുൻ ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ളമിംഗിന്റെ റെക്കോർഡ് ആണ് ടെയ്‌ലർ മറികടന്നത്. 218 മത്സരങ്ങളിൽ നിന്നാണ് റോസ് ടെയ്‌ലർ ഫ്ലാമിങ്ങിന്റെ നേട്ടം മറികടന്നത്.
ഇതിനു പുറമെ ഏറ്റവും വേഗത്തിൽ 8000 റൺസ് നേട്ടം തികക്കുന്ന നാലാമത്തെ താരം കൂടിയാണ് ടെയ്‌ലർ. വിരാട് കോഹ്‌ലി,എബി ഡിവില്ലേഴ്‌സ്, സൗരവ് ഗാംഗുലി എന്നിവരാണ് ടെയ്‌ലറെക്കാൾ വേഗത്തിൽ 8000 റൺസ് തികച്ച താരങ്ങൾ. ന്യൂസിലാൻഡിന് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ചുറികളും അർദ്ധ സെഞ്ചുറികളും നേടിയ താരവും ടെയ്‌ലർ തന്നെയാണ്.