റോസ് ടെയിലറിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ബംഗ്ലാദേശ്

തന്റെ അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന ന്യൂസിലാണ്ട് സീനിയര്‍ താരം റോസ് ടെയിലറിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ബംഗ്ലാദേശ് താരങ്ങള്‍. ഇന്ന് ക്രൈസ്റ്റ്ചര്‍ച്ചിൽ ന്യൂസിലാണ്ടിന്റെ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുവാനിറങ്ങിയ റോസ് ടെയിലര്‍ 28 റൺസാണ് നേടിയത്.

താരത്തിന്റെ വിക്കറ്റ് എബോദത്ത് ഹൊസൈന്‍ ആണ് നേടിയത്. 112 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരം ന്യൂസിലാണ്ടിന്റെ ഏറ്റവും അധികം ടെസ്റ്റ് സ്കോര്‍ നേടിയ താരമാണ്. 19 ശതകങ്ങള്‍ നേടി റോസ് ടെയിലര്‍ കെയിന്‍ വില്യംസണിന് പുറകിൽ ശതകങ്ങളുടെ നേട്ടത്തിൽ രണ്ടാമനായി നിലകൊള്ളുന്നു.

മത്സരത്തിൽ ഫോളോ ഓൺ ചെയ്യുവാന്‍ ബംഗ്ലാദേശിനോട് ന്യൂസിലാണ്ട് ആവശ്യപ്പെടുകയാണെങ്കിൽ റോസ് ടെയിലറിന് ഇനി ബാറ്റിംഗിന് അവസരം ലഭിച്ചേക്കില്ല. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചതോടെ രണ്ടാം ദിവസത്തെ കളി അവസാനിക്കുകയായിരുന്നു.