ന്യൂസിലൻഡിന്റെ ഇതിഹാസ താരമായ റോസ് ടെയ്‌ലർ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. ഒമാനിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സമോവയെ പ്രതിനിധീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. 2022-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ടെയ്‌ലർ, തന്റെ കുടുംബവേരുകളെയും മാനിച്ചുകൊണ്ട് സമോവയുടെ ജേഴ്സി അണിയുമെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ന്യൂസിലൻഡിനായി 112 ടെസ്റ്റുകളിലും 236 ഏകദിനങ്ങളിലും 102 ടി20 മത്സരങ്ങളിലും ടെയ്‌ലർ കളിച്ചിട്ടുണ്ട്. 41 വയസ്സുകാരനായ ഈ വെറ്ററൻ താരം സോഷ്യൽ മീഡിയ വഴിയാണ് തന്റെ തീരുമാനം അറിയിച്ചത്. തൻ്റെ പേരായ ലിയുപെപെ ലുതേരു റോസ് പൗട്ടോവ ലോട്ടേ ടെയ്‌ലറിലൂടെ താൻ സമോവൻ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 19 ടെസ്റ്റ് സെഞ്ചുറികളും 18,000-ത്തിലധികം അന്താരാഷ്ട്ര റൺസും നേടിയ ടെയ്‌ലർ ന്യൂസിലാൻഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളാണ്.
ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന 2026-ലെ ടി20 ലോകകപ്പിന് യോഗ്യത നേടാൻ ലക്ഷ്യമിടുന്ന സമോവയെ നയിക്കുക എന്നതാണ് അദ്ദേഹത്തിൻ്റെ പ്രധാന ലക്ഷ്യം.
സുഹൃത്തും മുൻ ബ്ലാക്ക് ക്യാപ് താരവുമായ തരുൺ നെതുലയുടെ അഭ്യർത്ഥന മാനിച്ചാണ് ടെയ്‌ലർ സമോവൻ ടീമിൽ ചേർന്നത്. യോഗ്യതാ മത്സരത്തിൽ പാപുവ ന്യൂ ഗിനിയയെയാണ് സമോവ നേരിടുന്നത്, ഈ മത്സരത്തിൽ ടെയ്‌ലറുടെ പരിചയസമ്പത്ത് അവർക്ക് വിലമതിക്കാനാവാത്തതാകും.