27 താരങ്ങളെ പരീക്ഷിച്ചു, ഇനിയും പുതിയ ആളുകള്‍ വന്നേക്കാം – രോഹിത് ശര്‍മ്മ

Sports Correspondent

മൂന്നാം ടി20യിൽ ടീമിൽ മാറ്റങ്ങളുണ്ടാകുമോ എന്ന ചോദ്യത്തിന് സമയമെടുത്ത് തീരുമാനിക്കേണ്ട ഒന്നാണ് എന്ന മറുപടിയുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ഇതുവരെയുള്ള രണ്ട് പരമ്പരകളിലായി 27 താരങ്ങളെ ഇന്ത്യ പരീക്ഷിച്ചുവെന്നും ഇനിയും കൂടുതൽ ആളുകള്‍ക്ക് അവസരം ലഭിച്ചേക്കാമെന്ന് ചിരിച്ച് കൊണ്ടാണ് രോഹിത് മറുപടി നല്‍കിയത്.

പരമ്പര വിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു രോഹിത്. പരമ്പര വിജയിക്കുമ്പോളും ചില ഘട്ടത്തിൽ ചില താരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കില്ല. അത് പോലെ തന്നെ ടെസ്റ്റ് പരമ്പര കളിക്കേണ്ട താരങ്ങള്‍ക്ക് വിശ്രമം നല്‍കുവാനും സാധ്യതയുണ്ടെന്നും രോഹിത് സൂചിപ്പിച്ചു.

ഈ കാലഘട്ടത്തിൽ യഥാസമയം വിശ്രമം നല്‍കി താരങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തേണ്ട ആവശ്യകത ഏറെയാണെന്നും രോഹിത് പറഞ്ഞു.