2019ൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരം രോഹിത് ശർമ്മയാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ പരിശീലകനുമായ അനിൽ കുംബ്ലെ. യുവതാരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് മായങ്ക് അഗർവാൾ ആണെന്നും കുംബ്ലെ പറഞ്ഞു. ഓസ്ട്രേലിയയിൽ വെച്ച് ഓസ്ട്രേലിയയെ തോൽപ്പിച്ചതാണ് ഈ വർഷത്തെ ഇന്ത്യയുടെ മികച്ച നേട്ടമെന്നും കുംബ്ലെ പറഞ്ഞു.
ഈ വർഷം ഇന്ത്യക്ക് വേണ്ടി പല താരങ്ങളും മികച്ച പ്രകടനം പുറത്തെടുത്തെന്നും എന്നാൽ അവരിൽ നിന്നെല്ലാം വേറിട്ടുനിൽക്കുന്ന പ്രകടനം രോഹിത് ശർമ്മയാണ് പുറത്തെടുത്തതെന്നും അനിൽക് കുംബ്ലെ പറഞ്ഞു. ലോകകപ്പിൽ രോഹിത് ശർമ്മ നേടിയ 5 സെഞ്ചുറികളും ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറായി ഇറങ്ങി നേടിയ ഡബിൾ സെഞ്ചുറിയും ഇതിന്റെ തെളിവുകൾ ആണെന്നും കുംബ്ലെ പറഞ്ഞു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ മികച്ച രീതിയിൽ രോഹിത് ശർമ്മ നയിക്കുകയും ചെയ്‌തെന്ന് കുംബ്ലെ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിലെ ഓപ്പണർ എന്ന നിലയിൽ മായങ്ക് അഗർവാൾ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും താരത്തിന്റെ വൈറ്റ് ബോൾ ക്രിക്കറ്റിലും ശോഭിക്കാൻ കഴിയുമെന്നും കുംബ്ലെ പറഞ്ഞു.