സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുൻപ് ഓപ്പണിങ് ബാറ്റ്‌സ്മാനായി തിളങ്ങാൻ കരുതി ഇറങ്ങിയ രോഹിത് ശർമയ്ക്ക് തിരിച്ചടി. ബോർഡ് പ്രസിഡന്റ്‌സ് ഇലവന് വേണ്ടി സൗത്ത് ആഫ്രിക്കക്കെതിരെ ഓപ്പണിങ് ബാറ്റ്സ്മാൻ ആയി ഇറങ്ങിയ രോഹിത് ശർമ്മ രണ്ടാമത്തെ ബോളിൽ തന്നെ റൺസ് ഒന്നും എടുക്കാതെ പുറത്ത്. ടെസ്റ്റ് ടീമിൽ സ്ഥാനം കണ്ടെത്താൻ കഷ്ട്ടപ്പെടുന്ന രോഹിത് ശർമ്മക്ക് ഇത് കനത്ത തിരിച്ചടിയാണ്. സൗത്ത് ആഫ്രിക്കൻ ഫാസ്റ്റ് ബൗളർ വെർനോൺ ഫിലാണ്ടർ ആൺ രോഹിതിനെ പുറത്താക്കിയത്. ഒക്ടോബർ 2ന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ്മ ഇന്ത്യൻ ഓപ്പണറാവുമെന്നാണ് കരുതപ്പെടുന്നത്.
നേരത്തെ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചിരുന്നെങ്കിലും രോഹിതിന് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ആ പരമ്പരയിൽ മധ്യ നിരയിൽ അജിങ്കെ രഹാനെയും ഹനുമ വിഹാരിയും കഴിവ് തെളിയിച്ചതോടെ മധ്യനിരയിൽ രോഹിത്തിന് ഇന്ത്യൻ ടീമിൽ അവസരം ഉണ്ടാവില്ലെന്ന് ഉറപ്പായിരുന്നു. തുടർന്ന് വെസ്റ്റിൻഡീസ് പരമ്പയിൽ നിറം മങ്ങിയ കെ.എൽ രാഹുലിന് പകരക്കാരനായാണ് സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ രോഹിത്തിന് ടീമിൽ അവസരം ലഭിച്ചത്.