മെല്‍ബേണില്‍ ന്യൂ ഇയറിന്റെ അന്ന് ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ച ഇന്ത്യന്‍ ടീമിലെ രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്, ശുഭ്മന്‍ ഗില്‍, പൃഥ്വി ഷാ, നവ്ദീപ് സൈനി എന്നിവരോട് കരുതലെന്ന രീതിയില്‍ ഐസൊലേഷനിലേക്ക് നീങ്ങുവാന്‍ ആവശ്യപ്പെട്ടു. ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും ഈ സംഭവത്തെ അന്വേഷിക്കുകയാണെന്ന് അറിയിച്ചു.
ഇന്ത്യന്‍ ഓസ്ട്രേലിയന്‍ മെഡിക്കല്‍ ടീമുകളുടെ നിര്‍ദ്ദേശപ്രകാരമാണ് താരങ്ങളോട് കരുതലെന്ന നിലയില്‍ ഐസൊലേഷനിലേക്ക് നീങ്ങുവാന്‍ ആവശ്യപ്പെട്ടത്. പരിശീലനത്തിനായി ഇന്ത്യന്‍ ഓസ്ട്രേലിയന്‍ ടീമുകള്‍ യാത്രയാകുമ്പോളും ഈ താരങ്ങള്‍ വേറെ സംഘമായി തുടരേണ്ടതുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ കുറിപ്പില്‍ അറിയിച്ചു.
അടുത്തിടെ ബിഗ് ബാഷില്‍ ക്രിസ് ലിന്‍, ഡാന്‍ ലോറന്‍സ് എന്നിവരും സമാനമായ ലംഘനം നടത്തിയപ്പോള്‍ ഇതേ നടപടിയാണ് ഓസ്ട്രേലിയ സ്വീകരിച്ചത്.
ഒരു ആരാധകന്‍ ഇവര്‍ ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ആ ആരാധകന്‍ ഋഷഭ് പന്ത് തന്നെ കെട്ടിപ്പിടിച്ചുവെന്നും ട്വീറ്റ് ചെയ്തുവെങ്കിലും പിന്നീട് അത് തിരുത്തുകയായിരുന്നു.
താരങ്ങള്‍ക്ക് പൊതു വേദികളില്‍ പോകുവാന്‍ അനുവാദമുണ്ടെങ്കിലും ഭക്ഷണശാലകളില്‍ ഓപ്പണ്‍-എയര്‍ സ്പേസില്‍ ഇരുന്നേ ഭക്ഷണം കഴിക്കാവൂ എന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കോവിഡ് പ്രൊട്ടോക്കോള്‍.