പരിക്കിനെ തുടർന്ന് ടീമിനൊപ്പം യാത്ര ചെയ്യാതെ റിഷഭ് പന്ത്

- Advertisement -

ഓസ്ട്രേലിയക്കെതിരെ ഒന്നാം ഏകദിനത്തിൽ പരിക്കേറ്റ് വിശ്രമത്തിലുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ടീമിനൊപ്പം യാത്ര ചെയ്തില്ല. ഹെൽമെറ്റിൽ പന്ത് കൊണ്ടതിനെ തുടർന്ന് താരത്തിന് കൺകഷൻ ഉണ്ടാവുകയും താരം ഇന്ത്യയുടെ ബൗളിംഗ് സമയത്ത് വിക്കറ്റ് കീപ് ചെയ്യാനും ഇറങ്ങിയിരുന്നില്ല. ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിന്റെ പന്താണ് റിഷഭ് പന്തിന്റെ ഹെൽമെറ്റിൽ കൊണ്ടത്.

തുടർന്ന് കെ.എൽ രാഹുലായിരുന്നു വിക്കറ്റ് കീപ്പിങ് ചെയ്തത്. നിലവിൽ റിഷഭ് പന്ത് നീരീക്ഷണത്തിലാണെന്നും അത്കൊണ്ട് തന്നെ ബാക്കി ടീമംഗങ്ങളുടെ കൂടെ രാജ്കോട്ടിലെക്ക് യാത്ര ചെയ്തിട്ടില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജ്കോട്ടിൽ പതിനേഴാം തിയതി നടക്കുന്ന രണ്ടാം ഏകദിനത്തിന് മുൻപ് റിഷഭ് പന്ത് ടീമിനൊപ്പം ചേരുമോ എന്ന് വ്യക്തമല്ല. റിഷഭ് പന്ത് പരിക്ക് മാറി വന്നില്ലെങ്കിൽ കെ.എൽ രാഹുലിനെ വിക്കറ്റ് കീപ്പറായി നിലനിർത്തുമോ അതോ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കുമോ എന്നതും കാത്തിരുന്ന് കാണാം. ആദ്യ ഏകദിനത്തിൽ 10 വിക്കറ്റിന്റെ നാണംകെട്ട തോൽവിയേറ്റുവാങ്ങിയ ഇന്ത്യക്ക് രാജ്‌കോട്ടിലെ രണ്ടാം ഏകദിനം വളരെ നിർണ്ണായകമാണ്.

Advertisement