ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ നിന്ന് പുറത്ത്. കാൽവിരലിന് പൊട്ടലുണ്ടായതിനാലാണ് പന്തിന് മത്സരം നഷ്ടമാകുന്നത്. ഞായറാഴ്ച ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്.

മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് പന്തിന് പരിക്കേറ്റത്. പിന്നീട് രണ്ടാം ദിവസം വേദന സഹിച്ച് കളിക്കളത്തിൽ തിരിച്ചെത്തിയ പന്തിന് ഓൾഡ് ട്രാഫോർഡ് കാണികളിൽ നിന്ന് വലിയ പ്രോത്സാഹനമാണ് ലഭിച്ചത്. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സിൽ പന്ത് വിക്കറ്റ് കീപ്പിംഗ് ചെയ്തിരുന്നില്ല. മാഞ്ചസ്റ്ററിൽ ആതിഥേയരെ വിജയത്തിൽ നിന്ന് തടഞ്ഞ് ഇന്ത്യ സമനില നേടിയതിനാൽ പന്തിന് വീണ്ടും ബാറ്റ് ചെയ്യേണ്ട ആവശ്യവും വന്നില്ല.
“ബിസിസിഐ മെഡിക്കൽ ടീം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്, അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കാൻ ആവട്ടെ എന്ന് ടീം ആശംസിക്കുന്നു,” ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു.
റിഷഭ് പന്തിന് പകരം നാരായൺ ജഗദീശനെ അഞ്ചാം ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തിയതായി പുരുഷ സെലക്ഷൻ കമ്മിറ്റി അറിയിച്ചു.