ഇംഗ്ലണ്ടിലും വെയ്ൽസിലും നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കാതെ പോയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനോട് കാത്തിരിക്കാൻ പറഞ്ഞ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി. റിഷഭ് പന്തിനു ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാതിരുന്നതിനെ തുടർന്ന് പല മുൻ താരങ്ങളും വിമർശനവുമായി രംഗത്ത് വന്നിരുന്നു. റിഷഭ് പന്തിനു പകരം വെറ്ററൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിനാണ് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത്.
എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി സെലക്ടർമാരുടെ തീരുമാനത്തെ അനുകൂലിച്ചുകൊണ്ടാണ് രംഗത്ത് വന്നത്. ഇന്ത്യൻ ജേഴ്സിയിൽ പന്തിന് 15 വർഷത്തോളം കളിക്കാമെന്നും ഒരുപാടു ലോകകപ്പുകൾ ഇന്ത്യക്ക് വേണ്ടി കളിക്കാൻ റിഷഭ് പന്തിനു കഴിയുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ഇത് ഒന്നിന്റെയും അവസാനം അല്ലെന്നും റിഷഭ് പന്തിനു 15-16 വർഷത്തോളം എനിയും ക്രിക്കറ്റ് കളിക്കാമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ധോണിയും ദിനേശ് കാർത്തിക്കും കാലാകാലവും ക്രിക്കറ്റ് കളിക്കില്ലെന്നും അവരുടെ കാല ശേഷം അവസരങ്ങൾ പന്തിനുള്ളതാണെന്നും ഡൽഹി ക്യാപിറ്റൽസിന്റെ മെന്റർ കൂടിയായ സൗരവ് ഗാംഗുലി പറഞ്ഞു.
കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെതിരെ 36 പന്തിൽ 78 റൺസ് എടുത്ത് പന്ത് ഡൽഹി ക്യാപിറ്റൽസിനു ജയം നേടി കൊടുത്തിരുന്നു.