തകർപ്പൻ ടി20 പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ റിങ്കു സിംഗ്, താൻ ഒരു ടി20 സ്പെഷ്യലിസ്റ്റ് മാത്രമല്ലെന്ന് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ്. 2025-ലെ ഏഷ്യാ കപ്പിന് മുന്നോടിയായി തൻ്റെ വളർച്ചയെയും സ്വപ്നങ്ങളെയും കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞാൻ സിക്സറുകൾ നേടുമ്പോൾ ആരാധകർ അത് ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം, അതിൽ ഞാൻ നന്ദിയുള്ളവനാണ്. പക്ഷേ എൻ്റെ രഞ്ജി ട്രോഫിയിലെ ശരാശരി 55-ൽ കൂടുതലാണ്. റെഡ് ബോൾ ക്രിക്കറ്റ് കളിക്കുന്നത് ഞാൻ ശരിക്കും ആസ്വദിക്കുന്നു,” റിങ്കു പറഞ്ഞു.

“ഒരു ഫോർമാറ്റ് കളിക്കാരൻ എന്ന ലേബൽ എനിക്കിഷ്ടമല്ല; ഞാൻ എല്ലാ ഫോർമാറ്റുകളിലും കളിക്കുന്ന ഒരു കളിക്കാരനായിട്ടാണ് എന്നെ കാണുന്നത്. എൻ്റെ സ്വപ്നം ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നതാണ്, എനിക്ക് അവസരം ലഭിക്കുകയാണെങ്കിൽ അത് നേടിയെടുക്കാൻ ഞാൻ തയ്യാറാണ്.”
അഭിഷേക് നായരുടെയും ഗൗതം ഗംഭീറിൻ്റെയും മാർഗ്ഗനിർദ്ദേശത്തിൽ റിങ്കു തൻ്റെ കളി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. റിങ്കു പറഞ്ഞു
“അഭിഷേക് നായർ സാറിൻ്റെ കീഴിൽ ഞാൻ മുംബൈയിൽ പരിശീലനം നടത്തുകയും കെകെആർ അക്കാദമിയിൽ പരിശീലിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചു. അടുത്ത ലെവലിലേക്ക് എൻ്റെ കളി ഉയർത്താൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു,” റിങ്കു പറഞ്ഞു. “ലോകകപ്പ് സ്ക്വാഡിൻ്റെ ഭാഗമാകാനും ആ ട്രോഫി ഉയർത്താനുമാണ് എൻ്റെ സ്വപ്നം. അതിനായി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു… ഏഷ്യാ കപ്പിൽ എൻ്റെ രാജ്യത്തിന് വേണ്ടി നന്നായി കളിക്കുക എന്നതാണ് എൻ്റെ ആത്യന്തിക ലക്ഷ്യം, അതിന് എനിക്ക് കഴിയുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.