ബെംഗളൂരു: ഏഷ്യാ കപ്പ് 2025-നുള്ള ഇന്ത്യൻ ടീമിൽ ഇടംനേടിയതിൽ അത്ഭുതം പ്രകടിപ്പിച്ച് ഇന്ത്യൻ താരം റിങ്കു സിങ്. യു.പി. ടി20 ലീഗിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഏഷ്യാ കപ്പ് ടീം ലിസ്റ്റിൽ എന്റെ പേര് കണ്ടപ്പോൾ എനിക്ക് ആത്മവിശ്വാസം ലഭിച്ചു. കഴിഞ്ഞ വർഷം ഞാൻ അത്ര മികച്ച പ്രകടനം നടത്തിയിരുന്നില്ല. അതിനാൽ ടീമിൽ നിന്ന് പുറത്തായേക്കുമെന്ന് ഞാൻ ഭയപ്പെട്ടിരുന്നു. പക്ഷേ സെലക്ടർമാർ എന്നിൽ വിശ്വാസമർപ്പിച്ച് ടീമിലെടുത്തു, അത് എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു,” റിങ്കു പറഞ്ഞു.

ഈ വർധിച്ച ആത്മവിശ്വാസം മീററ്റ് മാവെറിക്സിനായി 48 പന്തിൽ നിന്ന് പുറത്താകാതെ 108 റൺസ് നേടി തന്റെ ആദ്യ ടി20 സെഞ്ചുറി നേടാൻ അദ്ദേഹത്തെ സഹായിച്ചു.
ഇന്ന് ഒരു മൾട്ടി-സ്കിൽഡ് കളിക്കാരനായിരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും റിങ്കു സംസാരിച്ചു. “ഇന്ന് ബോളിങ് വളരെ പ്രധാനപ്പെട്ടതാണ്. ടീമിൽ ഒന്നിലധികം റോളുകൾ ചെയ്യുന്ന കളിക്കാരെയാണ് സെലക്ടർമാർക്ക് ആവശ്യം. ബാറ്റിംഗ് കൊണ്ട് കളിയിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ലെങ്കിൽ ബോൾ കൊണ്ട് അത് ചെയ്യണം,” അദ്ദേഹം പറഞ്ഞു.
ടീമിലെ തന്റെ റോളിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: “2023-ൽ ഞാൻ അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്തത്. ഏഴാം നമ്പറിലും എട്ടാം നമ്പറിലും ബാറ്റ് ചെയ്യുന്നത് എനിക്ക് അത്ര ഇഷ്ടമല്ല. പക്ഷേ അത് ടീമിന്റെ ആവശ്യമാണ്, അതിനാൽ ആ റോളിൽ നിങ്ങൾ മികച്ച പ്രകടനം നടത്തണം. ഇന്ത്യൻ ടീമിനുവേണ്ടി ഞാൻ 33 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 3 അർധസെഞ്ചുറികൾ നേടിയിട്ടുണ്ട്. ഫിനിഷറുടെ റോളിൽ മാത്രമല്ല, എനിക്ക് എവിടെയും ബാറ്റ് ചെയ്യാൻ സാധിക്കും.” .