കേന്ദ്ര കരാറിനെക്കാള്‍ പ്രധാനം രാജ്യത്തിന് വേണ്ടി കളിക്കുന്നത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാന്റെ കേന്ദ്ര കരാറില്‍ നിന്ന് പേസ് ബൗളര്‍ വഹാബ് റിയാസ് പിന്തള്ളപ്പെട്ടിരുന്നു. അടുത്തിടെ താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെയാണ് പുതിയ കരാറില്‍ നിന്ന് താരത്തെ ഒഴിവാക്കിയത്. എന്നാല്‍ കേന്ദ്ര കരാര്‍ ലഭിയ്ക്കാത്തത് തന്നെ അലട്ടുന്നില്ലെന്നും തനിക്ക് പ്രധാനം രാജ്യത്തിന് വേണ്ടി കളിക്കുക മാത്രമാണെന്നും റിയാസ് അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാന് വേണ്ടി കളിച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കുവാനായാല്‍ താന്‍ ഏറെ സംതൃപ്തനാണെന്ന് വഹാബ് റിയാസ് വ്യക്തമാക്കി. 2010ല്‍ ടെസ്റ്റ് ടീമിലേക്ക് എത്തിയ താരം അവസാനമായി കളിച്ചത് 2018ല്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ്. താന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ തീരുമാനിച്ചതോടെയാണ് ടെസ്റ്റില്‍ നിന്ന് വിരമിക്കാമെന്ന തീരുമാനത്തിലെത്തിയതെന്നും താരം വ്യക്തമാക്കി.

തനിക്ക് ടെസ്റ്റ് ടീമില്‍ സ്ഥിരമായി ഇടം ലഭിയ്ക്കുന്നില്ലായിരുന്നുവെന്നും തന്നെ പലപ്പോഴും പരിഗണിച്ചത് ഫ്ലാറ്റ് വിക്കറ്റുകളിലാണെന്നും പറഞ്ഞ താരം അതിനാല്‍ തന്നെ കരാര്‍ നഷ്ടമായതില്‍ വലിയ വിഷമമൊന്നുമില്ലെന്നും താന്‍ ഫിറ്റാണെന്നും മികച്ച രീതിയില്‍ പന്തെറിയുകയാണെന്നും വ്യക്തമാക്കി.