2025-ലെ വനിതാ ഏകദിന ലോകകപ്പിനായുള്ള റെക്കോർഡ് സമ്മാനത്തുക പ്രഖ്യാപിച്ചു. 2022-ൽ ന്യൂസിലൻഡിൽ നടന്ന ലോകകപ്പിൽ നൽകിയ 3.5 മില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം നാല് മടങ്ങ് വർദ്ധനവാണ് ഇത്തവണത്തെ സമ്മാനത്തുകയിൽ ഉണ്ടായിരിക്കുന്നത്. 13.88 മില്യൺ ഡോളറാണ് ആകെ സമ്മാനത്തുക. ഇത് രണ്ട് വർഷം മുമ്പ് ഇന്ത്യയിൽ നടന്ന പുരുഷ ഏകദിന ലോകകപ്പിലെ 10 മില്യൺ ഡോളറിനെയും മറികടന്നു.

ടൂർണമെന്റിലെ വിജയികൾക്ക് 4.48 മില്യൺ ഡോളർ ലഭിക്കും. ഇത് 2022-ൽ ഓസ്‌ട്രേലിയക്ക് ലഭിച്ച 1.32 മില്യൺ ഡോളറിനേക്കാൾ 239 ശതമാനം കൂടുതലാണ്. റണ്ണേഴ്‌സ് അപ്പിന് 2.24 മില്യൺ ഡോളർ ലഭിക്കും. മുൻ വർഷം ഇത് 600,000 ഡോളറായിരുന്നു. സെമി ഫൈനലിൽ പുറത്തായ ടീമുകൾക്ക് 1.12 മില്യൺ ഡോളർ വീതവും ഗ്രൂപ്പ് ഘട്ടത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും 250,000 ഡോളറും ഉറപ്പാണ്. കൂടാതെ, ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ വിജയത്തിനും ടീമുകൾക്ക് 34,314 ഡോളർ ലഭിക്കും.
അഞ്ചും ആറും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾക്ക് 700,000 ഡോളറും ഏഴും എട്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്നവർക്ക് 280,000 ഡോളറും ലഭിക്കും.
ഈ വലിയ തുക വനിതാ ക്രിക്കറ്റ് താരങ്ങളെ പുരുഷ താരങ്ങൾക്ക് തുല്യമായി പരിഗണിക്കാനുള്ള ഐസിസിയുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. ഇത് അടുത്ത തലമുറയിലെ കളിക്കാർക്കും ആരാധകർക്കും പ്രചോദനമാകുമെന്നാണ് വിലയിരുത്തൽ. സെപ്തംബർ 30-ന് ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഈ ആഴ്ച ടിക്കറ്റുകൾ ഓൺലൈനായി ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.