360 റണ്‍സ് നേടിയാല്‍ പൊതുവേ ടീമുകള്‍ വിജയിക്കേണ്ടതാണ്. എന്നാല്‍ ലോകത്തെ ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിനു 360 അത്ര വലിയ സ്കോറായിരുന്നില്ല ഇന്നലെ ബാര്‍ബഡോസില്‍. ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസ് ക്രിസ് ഗെയിലിന്റെ മടങ്ങി വരവ് ആഘോഷിച്ച ശതകത്തിന്റെ ബലത്തില്‍ 360/8 എന്ന കൂറ്റന്‍ സ്കോര്‍ നേടിയെങ്കിലും എട്ട് പന്ത് അവശേഷിക്കെ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ജേസണ്‍ റോയിയുടെയും ജോ റൂട്ടിന്റെയും ശതകങ്ങളാണ് മത്സരം ഇംഗ്ലണ്ടിനു അനുകൂലമാക്കി മാറ്റിയത്.
തോല്‍വിയിലും വിന്‍ഡീസിനു ഈ ഏകദിന മത്സരത്തില്‍ നിന്ന് ചില മധുരിക്കുന്ന ഓര്‍മ്മകള്‍ സ്വന്തമാക്കാനായി എന്നതാണ് മത്സരത്തില്‍ ആതിഥേയര്‍ക്ക് ആശ്വസിക്കാനാകുന്ന കാര്യം. തന്റെ ടീമിലേക്കുള്ള മടങ്ങി വരവ് യൂണിവേഴ്സ് ബോസ് ക്രിസ് ഗെയില്‍ 135 റണ്‍സോടു കൂടിയാണ് ആഘോഷിച്ചത്. 12 സിക്സുകളുള്ള ഇന്നിംഗ്സിനിടെ ഷാഹിദ് അഫ്രീദിയുടെ പേരിലുള്ള ഏറ്റവും അധികം അന്താരാഷ്ട്ര സിക്സുകളെന്ന നേട്ടം ഗെയില്‍ സ്വന്തമാക്കി.
ഗെയില്‍ 12 സിക്സുകള്‍ നേടിയപ്പോള്‍ ബാക്കി താരങ്ങള്‍ 11 സിക്സുകള്‍ നേടി. ഇതില്‍ നാല് സിക്സ് നേടിയ ഡാരെന്‍ ബ്രാവോയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ആഷ്‍ലി നഴ്സ് മൂന്ന് സിക്സും നേടി. ഇവരെല്ലാം കൂടി സിക്സുകള്‍ അടിച്ച് കൂട്ടിയപ്പോള്‍ മറ്റൊരു ഏകദിന റെക്കോര്‍ഡ് കൂടി കരീബിയന്‍ സംഘത്തിന്റെ പേരിലായി.