രഞ്ജി ട്രോഫി, ആദ്യ ദിവസം കേരളം പരുങ്ങലിൽ

രഞ്ജി ട്രോഫിയിൽ കേരളത്തിന് ആദ്യ ദിനം നിരാശ. വൻ ബാറ്റിംഗ് തകർച്ച നേരിട്ട കേരളം ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 7 വിക്കറ്റിന് 126 റൺസ് എന്ന നിലയിൽ പരുങ്ങലിലാണ്.. ഹൈദരബാദിൽ നടക്കുന്ന മത്സരത്തിൽ ഹൈദരബാദ് ബൗളിംഗിന് മുന്നിൽ കേരളം മൂക്കും കുത്തി വീഴുന്നതാണ് തുടക്കത്തിൽ തന്നെ കാണാൻ കഴിഞ്ഞത്. 75 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റ് ആണ് കേരളത്തിന് നഷ്ടമായത്. പിന്നീട് സച്ചിൽ ബേബിയും നിസാറും ചേർന്ന് കുറച്ച് സമയം പിടിച്ചു നിന്നത് ആണ് കേരളത്തെ നൂറു കടക്കാൻ സഹായിച്ചത്.

സച്ചിന് ബേബി 29 റൺസും നിസാർ 37 റൺസും എടുത്ത് പുറത്തായതോടെ കേരളം വീണ്ടും പ്രതിരോധത്തിലായി. മഴ കാരണം ഉച്ചയ്ക്ക് ശേഷം മാത്രമായിരുന്നു ഇന്ന് മത്സരം തുടങ്ങിയത്. മഴ പിച്ചിന്റെ സ്വഭാവം മാറ്റിയതും കേരളത്തിന് തിരിച്ചടിയായി. ഓപ്പണർ പൊന്നം രാഹുലും വൺ ഡൗണായി വന്ന പ്രേമും ഡക്കിൽ പുറത്തായി. 10 റൺസ് എടുത്ത ജലജ് സക്സേനയും 9 റൺസ് എടുത്ത ഉത്തപ്പയും പെട്ടെന്ന് തന്നെ പുറത്തായതും കേരളത്തിന് തിരിച്ചടിയായി. 19 റൺസ് എടുത്ത വിഷ്ണു വിനോദ് ചെറിയ പ്രതീക്ഷ നൽകിയെങ്കിലും പിടിച്ചു നിൽക്കാൻ ആയില്ല.

ഇപ്പോൾ അക്ഷയ് ചന്ദ്രനും ബേസിൽ തമ്പിയുമാണ് ക്രീസിൽ ഉള്ളത്. ഹൈദരബാദിനു വേണ്ടി സിറാജ് രണ്ട് വിക്കറ്റും രവി കിരൺ മൂന്നു വിക്കറ്റുകളും വീഴ്ത്തി.

Previous articleഫിറ്റ്നസ് ഇല്ലെങ്കിൽ ശമ്പളം കുറയ്ക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്
Next articleഫുട്ബോൾ പരിശീലനം വേണ്ടെന്ന് വെച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം