പഞ്ചാബിനെതിരായ കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരത്തിൽ പഞ്ചാബ് ശക്തമായ നിലയിൽ. നേരത്തെ ഒന്നാം ഇന്നിങ്സിൽ കേരളത്തെ 121 പുറത്താക്കിയ പഞ്ചാബ് ഇന്ന് കളി അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 135 എന്ന ശക്തമായ നിലയിലാണ്. 67 റൺസോടെ ജീവൻജ്യോത് സിങ്ങും 41 റൺസോടെ മൻദീപ് സിംഗുമാണ് ക്രീസിൽ ഉള്ളത്.
കേരളത്തിന് വേണ്ടി രണ്ടു വിക്കറ്റുകളും വീഴ്ത്തിയത് ബേസിൽ തമ്പിയാണ്. ശുഭ്മാൻ ഗിൽ 24 റൺസ് എടുത്തും അൻമോൾപ്രീത് സിങ് റൺ ഒന്നും എടുക്കാതെയും പുറത്തായി. നേരത്തെ ടോസ് നേടിയ പഞ്ചാബ് കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാൽ കേരള നിരയിൽ വിഷ്ണു വിനോദ് ഒഴികെ മറ്റൊരാൾക്കും ബേധപെട്ട സ്കോർ കണ്ടെത്താനായില്ല. 35റൺസാണ് വിഷ്ണു വിനോദ് നേടിയത്. പഞ്ചാബ് നിരയിൽ 6 വിക്കറ്റ് വീഴ്ത്തിയ സിദ്ധാർത്ഥ് കൗളിന്റെ പ്രകടനമാണ് കേരളത്തിന്റെ നടുവൊടിച്ചത്.













