രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഫൈനലില്‍ പ്രവേശിക്കാനുള്ള കേരളത്തിന്‍റെ സ്വപ്നം പൊലിഞ്ഞു. ഇന്ത്യൻ താരം ഉമേഷ് യാദവിന് മുന്നിൽ ഫൈനൽ സ്വപ്നം അടിയറവ് പറഞ്ഞ കേരളം ഇന്നിങ്സിനും പതിനൊന്ന് റൺസിനുമാണ് സെമി ഫൈനലിൽ വിദര്ഭയോട് പരാജയം ഏറ്റുവാങ്ങിയത്. ബാറ്റ്‌സ്മാന്മാർ പ്രതീക്ഷക്കൊത്തു ഉയരാത്തതാണ് കേരളത്തിന് തിരിച്ചടിയായത്. രണ്ടാം ഇന്നിങ്ങ്സില്‍ കേരളം 91 റണ്‍സിനു പുറത്തായി.
കേരള പേസർമാർ വിദർഭയെ 208 റൺസിന് എറിഞ്ഞിട്ടിരുന്നു എങ്കിലും നിർണാകമായ 102 റൺസിന്റെ ലീഡ് നേടാൻ അവർക്കായിരുന്നു. മികച്ച സ്‌കോറിലേക്ക് മുന്നേറുകയായിരുന്ന വിദര്‍ഭയെ സന്ദീപ് വാര്യരുടെ ബൗളിങ്ങാണ് തടഞ്ഞത്. സന്ദീപ് അഞ്ചു വിദർഭ വിക്കറ്റുകൾ ആണ് നേടിയത്. ബേസിൽ തമ്പി മൂന്നു വിക്കറ്റുകൾ നേടി.
രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ കേരളം ഒരു ഘട്ടത്തിൽ 59 റൺസിന് 1 വിക്കറ്റ് എന്ന നിലയിൽ ആയിരുന്നു. തുടർന്നായിരുന്നു കേരളം കൂട്ടത്തകർച്ച നേരിട്ടത്. പിന്നീട് വെറും 32 റണ്സിനിടെ ഒൻപത് വിക്കറ്റുകൾ വലിച്ചെറിഞ്ഞു ഇന്നിംഗ്സ് പരാജയം ചോദിച്ചു വാങ്ങി. 32 റൺസെടുത്ത അരുൺ കാർത്തിക് ആയിരുന്നു കേരളത്തിന്റെ ടോപ് സ്‌കോറർ. ഇരു ഇന്നിങ്‌സുകളിലുമായി 12 വിക്കറ്റുകൾ ആണ് ഉമേഷ് യാദവ് നേടിയത്.