പോണ്ടിച്ചേരിയ്ക്കെതിരെയുള്ള മത്സരം സമനിലയിൽ അവസാനിച്ചതോടെ കേരളത്തിന്റെ രഞ്ജി ട്രോഫി പ്രയാണം അവസാനിച്ചു. മത്സരത്തിൽ നിന്ന് ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയതിന്റെ മികവിൽ പോണ്ടിച്ചേരി മൂന്നും കേരളത്തിന് ഒരു പോയിന്റുമാണ് ലഭിച്ചത്.
ജാര്‍ഖണ്ഡിനെ കര്‍ണ്ണാടക തകര്‍ത്തെറിഞ്ഞുവെങ്കിലും കേരളത്തിന് ഈ മത്സരത്തിൽ നിന്ന് ഒരു പോയിന്റ് മാത്രം ലഭിച്ചപ്പോള്‍ ജാര്‍ഖണ്ഡ് 23 പോയിന്റുമായി എലൈറ്റ് ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനക്കാരായി.
കേരളം 21 പോയിന്റുമായി മൂന്നാമതും വെറും 9 പോയിന്റ് നേടിയ പുതുച്ചേരിയാകട്ടേ അവസാന സ്ഥാനത്തുമാണുള്ളത്.
പോണ്ടിച്ചേരി ആദ്യ ഇന്നിംഗ്സിൽ 371 റൺസും രണ്ടാം ഇന്നിംഗ്സിൽ 279/5 എന്ന സ്കോര്‍ നേടിയപ്പോള്‍ കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് 286 റൺസിൽ അവസാനിച്ചു.
പോണ്ടിച്ചേരിയ്ക്കായി രണ്ടാം ഇന്നിംഗ്സിൽ ജെഎസ് പാണ്ടേ 102 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ കൃഷ്ണ 94 റൺസ് നേടി പുറത്തായി. പരസ് ഡോഗ്ര 55 റൺസ് നേടി. കേരള ബൗളര്‍മാരിൽ വിശ്വേശര്‍ എ സുരേഷ് 3 വിക്കറ്റ് വീഴ്ത്തി.