രഞ്ജി ട്രോഫിയിൽ കേരളത്തിന് ആദ്യ ഇന്നിംഗ്സിൽ മികച്ച സ്കോർ. ഇന്ന് രണ്ടാം ദിനത്തിൽ അസാമിനെതിരെ 419 എന്ന മികച്ച സ്കോർ ഉയർത്താൻ കേരളത്തിനായി. സച്ചിൻ ബേബി നേടിയ ഗംഭീര സെഞ്ച്വറി ആണ് കേരളത്തിന് കരുത്തായത്. സച്ചിൻ ബേബി 148 പന്തിൽ നിന്ന് 131 റൺസ് നേടി. 5 സിക്സും 16 ഫോറും അടങ്ങുന്നത് ആയിരുന്നു സച്ചിൻ ബേബിയുടെ ഇന്നിങ്സ്.
നേരത്തെ കേരളത്തിന് ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലും കൃഷ്ണപ്രസാദും ചേർന്ന് മികച്ച തുടക്കം നൽകിയിരുന്നു. ഇരുവരും അർദ്ധ സെഞ്ച്വറി നേടി. രോഹൻ ഇന്നലെ 83 റൺസ് എടുത്ത് പുറത്തായിരുന്നു. കൃഷ്ണപ്രസാദ് ഇന്ന് 80 റൺസ് എടുത്തു പുറത്തായി. വൺ ഡൗണായി വന്ന രോഹൻ പ്രേം 50 റൺസും നേടി. വിഷ്ണു വിനോദ് പെട്ടെന്ന് തന്നെ റൺഔട്ടായി പുറത്തായെങ്കിലും സച്ചിൻ ബേബി വാലറ്റത്തെയും കൂട്ടി കേരളത്തെ മികച്ച നിലയിലേക്ക് എത്തിച്ചു.
രണ്ടാം ദിനം അവസാനിക്കുമ്പോൾ ആസാം 2 വിക്കറ്റ് നഷ്ടത്തിൽ 14 റൺസ് എന്ന നിലയിലാണ്. ബേസിൽ തമ്പിയും ജലജ് സക്സേനയും കേരളത്തിനായി ഒരോ വിക്കറ്റുകൾ വീതം നേടി.