മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് വൈറ്റ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ ചെലുത്തണമെന്ന് മുൻ പാകിസ്ഥാൻ താരം റമീസ് രാജ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാൻ ടീമിന്റെ ആദ്യ പതിനൊന്നിൽ ഇടം നേടാൻ സർഫറാസ് അഹമ്മദിന് കഴിഞ്ഞിരുന്നില്ല. മത്സരത്തിനിടെ 12മനായി ഇറങ്ങിയ സർഫറാസ് അഹമ്മദിനെ പാകിസ്ഥാൻ താരങ്ങൾക്ക് ഷു നൽകാൻ ഗ്രൗണ്ടിലേക്ക് പറഞ്ഞയച്ചതിനെ വിമർശിച്ച് മുൻ പാകിസ്ഥാൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. ഒരിക്കൽ ടീമിന്റെ ക്യാപ്റ്റനായി കഴിഞ്ഞാൽ തുടർന്ന് പന്ത്രണ്ടാമനായി ടീമിൽ നിൽക്കുക എളുപ്പമല്ലെന്നും റമീസ് രാജ പറഞ്ഞു.
അടുത്ത കാലത്ത് താരത്തിന് ടെസ്റ്റ് ടീമിൽ അവസരം ലഭിക്കുമെന്ന് കരുതുന്നില്ലെന്നും അതുകൊണ്ട് തന്നെ താരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് വൈറ്റ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും റമീസ് രാജ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഭൂരിഭാഗ സമയവും മികച്ച പ്രകടനം പുറത്തെടുത്തിട്ടും പരാജയപ്പെട്ടത് വളരെ നിരാശ നൽകുന്ന കാര്യമാണെന്നും റമീസ് രാജ പറഞ്ഞു. എന്നാൽ അടുത്ത രണ്ടു ടെസ്റ്റുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത് പാകിസ്ഥാന് പരമ്പര സ്വന്തമാക്കാൻ കഴിയുമെന്നും ബെൻ സ്റ്റോക്സിന്റെ അഭാവം മുതലെടുത്ത് മികച്ച പ്രകടനം പുറത്തെടുക്കാൻ പാകിസ്ഥാന് കഴിയുമെന്നും റമീസ് രാജ പറഞ്ഞു.