ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026 സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ടീം വിടാൻ ഒരുങ്ങുകയാണ്. തന്നെ മറ്റൊരു ടീമിലേക്ക് ട്രേഡ് ചെയ്യുകയോ, അല്ലെങ്കിൽ ലേലത്തിൽ പങ്കെടുക്കാൻ അവസരം നൽകുകയോ ചെയ്യണമെന്നാണ് സഞ്ജു മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

2013 മുതൽ രാജസ്ഥാൻ റോയൽസിൻ്റെ നിർണായക താരമായ സഞ്ജു 2021 മുതൽ ടീമിനെ നയിക്കുന്നുമുണ്ട്. സഞ്ജുവിനെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) രംഗത്തുണ്ടെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. സഞ്ജുവിനെ വിട്ടുകൊടുക്കുന്നതിന് പകരമായി രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ എന്നീ മൂന്ന് താരങ്ങളിൽ ഒരാളെ നൽകാൻ രാജസ്ഥാൻ റോയൽസ് ചെന്നൈയോട് ആവശ്യപ്പെട്ടതെങ്കിലും, ചെന്നൈ ഈ ആവശ്യം നിരസിച്ചതായാണ് വിവരം.
മറ്റ് ടീമുകളും സഞ്ജുവിനായി രംഗത്തുണ്ട്. സഞ്ജു ടീം വിട്ടാൽ റിയാൻ പരാഗ്, യശസ്വി ജയ്‌സ്വാൾ എന്നിവരിൽ ഒരാൾക്ക് ക്യാപ്റ്റൻ സ്ഥാനം ലഭിക്കാനും സാധ്യതയുണ്ട്. വരും ആഴ്ചകളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.