ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സിൽ ഇന്ത്യയുടെ കരുതുറ്റ പ്രകടനം. ലോര്‍ഡ്സ് ടെസ്റ്റിൽ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഇന്ത്യ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 276/3 റൺസാണ് നേടിയത്. ദിവസം അവസാനിക്കുവാന്‍ പോകുന്നതിന് തൊട്ടു മുമ്പ് ക്യാപ്റ്റന്‍ കോഹ്‍ലിയെ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായെങ്കിലും രാഹുല്‍ പുറത്താകാതെ 127 റൺസുമായി നില്‍ക്കുന്നതിനാൽ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ രണ്ടാം ദിവസം നേടാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അജിങ്ക്യ രഹാനെ ഒരു റൺസുമായി രാഹുലിനൊപ്പം ക്രീസിൽ നില്‍ക്കുന്നു.
രോഹിത് ശര്‍മ്മയ്ക്ക് ശതകം നേടുവാന്‍ സാധിക്കാതെ 84 റൺസിൽ ഔട്ട് ആയെങ്കിലും കെഎൽ രാഹുല്‍ തന്റെ ശതകം പൂര്‍ത്തിയാക്കി ഇന്ത്യയെ മുന്നോട്ട് നയിച്ചു. രാഹുലും രോഹിതും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 126 റൺസാണ് നേടിയത്. രോഹിത്തിനെയും പുജാരയെയും പുറത്താക്കി ആന്‍ഡേഴ്സൺ ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കിയെങ്കിലും രാഹുലിനൊപ്പം എത്തിയ വിരാട് കോഹ്‍ലിയും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങി.
എന്നാൽ ഒന്നാം ദിവസം അവസാനിക്കുവാന്‍ 5.2 ഓവര്‍ മാത്രം അവസാനിക്കുവാനിരിക്കവേ ഇന്ത്യയ്ക്ക് വിരാട് കോഹ്‍ലിയെ നഷ്ടമാകുന്നതാണ് കണ്ടത്. 42 റൺസ് നേടിയ കോഹ്‍ലി പുറത്താകുമ്പോള്‍ ഇന്ത്യയുടെ മൂന്നാം വിക്കറ്റിലെ 117 റൺസ് കൂട്ടുകെട്ടിനാണ് ഒല്ലി റോബിന്‍സൺ അന്ത്യം കുറിച്ചത്.