ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാനുള്ള അവസരം മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് നിരസിച്ചെന്ന് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റർ വിനോദ് റായ്. 2017ൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അനിൽ കുംബ്ലെ ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനാവാൻ രാഹുൽ ദ്രാവിഡിനെ സമീപിച്ചത്.
എന്നാൽ തന്റെ കുടുംബവുമായി കൂടുതൽ സമയം ചിലവഴിക്കാൻ വേണ്ടി രാഹുൽ ദ്രാവിഡ് ആ അവസരം നിഷേധിക്കുകയായിരുന്നെന്ന് വിനോദ് റായ് പറഞ്ഞു. ഇത്രയും കാലം താൻ ഇന്ത്യൻ ടീമിനൊപ്പം ലോകം മുഴുവൻ സഞ്ചരിക്കുകയായിരുന്നെന്നും തന്റെ രണ്ട് കുട്ടികൾക്ക് വേണ്ട സമയവും ശ്രദ്ധയും നൽകാൻ തനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അത്കൊണ്ട് താൻ ഇന്ത്യൻ പരിശീലകനാവാൻ ഇല്ലെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞെന്ന് വിനോദ് റായ് വെളിപ്പെടുത്തി.
ആ സമയത്ത് രാഹുൽ ദ്രാവിഡ് ഇന്ത്യൻ അണ്ടർ 19 ടീമിന്റെ പരിശീലകനായിരുന്നു. രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം വേണ്ടെന്ന് വെച്ചതോടെയാണ് രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ പരിശീലകനായത്.