ഓസ്ട്രേലിയ വെയിറ്റ് ഓൺ!!! ശര്‍ദ്ധുൽ താക്കൂറിനൊപ്പം ഓസ്ട്രേലിയയ്ക്ക് നിരാശ നൽകി അജിങ്ക്യ രഹാനെ

Sports Correspondent

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ അജിങ്ക്യ രഹാനെയുടെയും ശര്‍ദ്ധുൽ താക്കൂറിന്റെയും അതിശക്തമായ ചെറുത്ത്നില്പിന്റെ ബലത്തിൽ ഇന്ത്യ 260/6 എന്ന നിലയിലാണ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 209 റൺസ് പിന്നിലാണ് ടീം എങ്കിലും വലിയ തകര്‍ച്ചയിലേക്ക് ടീം പോകുമെന്ന് തോന്നിച്ച നിമിഷത്തിൽ നിന്ന് ഈ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ രക്ഷിയ്ക്കുകയായിരുന്നു.

108 റൺസാണ് ഈ കൂട്ടുകെട്ട് ശ്രീകര്‍ ഭരതിനെ നഷ്ടമായ ശേഷം നേടിയത്. തലേ ദിവസത്തെ സ്കോറിനോട് ഇന്ത്യ ഒരു റൺസ് ചേര്‍ത്തപ്പോളേക്കും ടീമിന് ഭരത്തിന്റെ വിക്കറ്റ് നഷ്ടമായി. ബോളണ്ട് ആയിരുന്നു വിക്കറ്റ് നേടിയത്. പിന്നീട് ഇന്ത്യയുടെ അതിശക്തമായ ചെറുത്ത്നില്പിനാണ് രഹാനെയും താക്കൂറും കൂടി അവസരമൊരുക്കിയത്.

രഹാനെ 89 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ശര്‍ദ്ധുൽ താക്കൂര്‍ 36 റൺസ് നേടിയാണ് ക്രീസിലുള്ളത്.