വിജയ് ഹസാരെ ട്രോഫി: മധ്യപ്രദേശിനെ തകർത്ത് പഞ്ചാബ് സെമിഫൈനലിൽ

Newsroom

Resizedimage 2026 01 13 17 06 40 1


ബെംഗളൂരുവിൽ നടന്ന വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ മധ്യപ്രദേശിനെ 183 റൺസിന് പരാജയപ്പെടുത്തി പഞ്ചാബ് സെമിഫൈനലിലേക്ക് മുന്നേറി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 345 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ഓപ്പണർമാരായ ഹർനൂർ സിംഗ് (51), ക്യാപ്റ്റൻ പ്രഭ്‌സിമ്രാൻ സിംഗ് (88) എന്നിവർ നൽകിയ മികച്ച തുടക്കമാണ് പഞ്ചാബിന് കരുത്തായത്.

പിന്നാലെ വന്ന അൻമോൽപ്രീത് സിംഗ് (70), നെഹാൽ വധേര (56) എന്നിവരുടെ അർധസെഞ്ചുറികളും സ്കോർ മുന്നോട്ട് നയിച്ചു. അവസാന ഓവറുകളിൽ രമൺദീപ് സിംഗ് പുറത്താകാതെ നേടിയ 24 റൺസ് പഞ്ചാബ് സ്കോർ 345-ൽ എത്തിച്ചു.


മറുപടി ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശിന് പഞ്ചാബ് ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 31.2 ഓവറിൽ വെറും 162 റൺസിന് മധ്യപ്രദേശ് പുറത്തായി. രജത് പാട്ടിദാറും (38) ശുഭം ശർമ്മയും (24) അൽപ്പനേരം പൊരുതിയെങ്കിലും മറ്റ് ബാറ്റ്‌സ്മാൻമാർ പരാജയപ്പെട്ടു. പഞ്ചാബിന് വേണ്ടി സൻവീർ സിംഗ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഗുർനൂർ ബ്രാർ, ക്രിഷ് ഭഗത്, രമൺദീപ് സിംഗ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. ക്യാപ്റ്റൻ വെങ്കിടേഷ് അയ്യർ പൂജ്യനായി പുറത്തായത് മധ്യപ്രദേശിന് വലിയ തിരിച്ചടിയായി. സെമിഫൈനലിൽ സൗരാഷ്ട്രയാണ് പഞ്ചാബിന്റെ എതിരാളികൾ.