ഇന്ത്യ ഗ്രീനിനെ വിജയത്തിലേക്ക് നയിച്ച് പ്രിയ പൂനിയ

മഴ നിയമത്തില്‍ ജയം നേടി ഇന്ത്യ ഗ്രീന്‍. ഇന്ത്യ ബ്ലൂവിനെതിരെ വനിത ടി20 ചലഞ്ചര്‍ ട്രോഫിയിലാണ് ഇന്ത്യ ഗ്രീനിന്റെ ജയം. പ്രാദേശിക ടൂര്‍ണ്ണമെന്റില്‍ ഉപയോഗിക്കുന്ന വി ജയദേവന്‍ രീതിയില്‍ 7 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ ഗ്രീന്‍ ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ സ്വന്തമാക്കിയത്. 17 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ 82/5 എന്ന സ്കോര്‍ ആണ് ഇന്ത്യ ബ്ലൂ ആദ്യം നേടിയത്. 15.4 ഓവറില്‍ 78/3 എന്ന നിലയില്‍ വീണ്ടും മഴ വില്ലനായി എത്തിയപ്പോള്‍ മഴ നിയമത്തില്‍ ഇന്ത്യ ഗ്രീന്‍ 7 വിക്കറ്റ് ജയം സ്ലന്തമാക്കി.

ഇന്ത്യ ബ്ലൂവിനായി വെല്ലസ്വാമി വനിത 35 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ ഗ്രീനിനായി അരുന്ധതി റെഡ്ഢി രണ്ടും ജൂലന്‍ ഗോസ്വാമി, കൃതിക ചൗധരി, മോണിക്ക ദാസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ഗ്രീനിനു വേണ്ടി പ്രിയ പൂനിയ പുറത്താകാതെ നേടിയ 46 റണ്‍സാണ് വിജയം ഉറപ്പിച്ചത്. അനൂജ പാട്ടില്‍, രാധ യാദവ്, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ഇന്നലെ നടന്ന ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ റെഡ് ഇന്ത്യ ബ്ലൂവിനെതിരെ 7 വിക്കറ്റ് ജയം നേടിയിരുന്നു. ബ്ലൂ 20 ഓവറില്‍ 100/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യ റെഡ് 16.3 ഓവറില്‍ 79/3 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തി കളി തടസ്സപ്പെടുത്തി. വി ജയദേവന്‍ രീതിയില്‍ ഏഴ് വിക്കറ്റ് ജയം ഇന്ത്യ റെഡ് സ്വന്തമാക്കി.

ഇന്ത്യ ബ്ലൂ നായിക മിത്താലി രാജ് 51 റണ്‍സ് നേടിയെങ്കിലും 45 റണ്‍സ് നേടി പുറത്താകാതെ നിന്ന ദീപ്തി ശര്‍മ്മ റെഡിന്റെ ജയം ഉറപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial