രണ്ടാം ഇന്നിങ്സിൽ രോഹിത് ശർമ്മയും പൂജാരയും തമ്മിലുള്ള കൂട്ടുകെട്ടാണ് മത്സരം തങ്ങളിൽ നിന്ന് അകറ്റിയതെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസി. മത്സരത്തിന്റെ അവസാന ദിവസം ഒഴികെ ബാക്കി എല്ലാം ദക്ഷിണാഫ്രിക്ക മികച്ച പ്രകടനം പുറത്തെടുത്തുവെന്നും ക്യാപ്റ്റൻ പറഞ്ഞു. ആദ്യ ഇന്നിങ്സിൽ മികച്ച ബാറ്റിംഗ് കാഴ്ചവെച്ച ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ ഡു പ്ലെസി പുകഴ്ത്തുകയും ചെയ്തു.
ഇന്ത്യ മികച്ച രീതിയിൽ ബാറ്റ് ചെയ്തുവെന്നും മായങ്കിന്റെയും രോഹിതിന്റെയും ബാറ്റിംഗ് മികച്ചതായിരുന്നുവെന്നും ഡു പ്ലെസി പറഞ്ഞു. ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും എന്നാൽ രണ്ടാം ഇന്നിങ്സിൽ അത്രയും വലിയ സ്കോർ ഇന്ത്യയിൽ നേടുക ബുദ്ധിമുട്ടായിരുന്നെന്നും ഡു പ്ലെസി പറഞ്ഞു.
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക 203 റൺസിന് ഇന്ത്യയോട് തോറ്റിരുന്നു. മത്സരത്തിൽ രണ്ട് ഇന്നിങ്സിലും രോഹിത് ശർമ്മ സെഞ്ചുറി നേടിയിരുന്നു. കൂടാതെ മായങ്ക് അഗർവാളുമായി ചേർന്ന് ആദ്യ ഇന്നിങ്സിൽ ഓപ്പണിങ് വിക്കറ്റിൽ 317 റൺസ് കൂട്ടിച്ചേർത്ത രോഹിത് ശർമ്മ രണ്ടാം ഇന്നിങ്സിൽ പൂജാരയുമായി ചേർന്ന് വിലപ്പെട്ട 169 കൂട്ടിച്ചേർത്തിരുന്നു. ആദ്യ ഇന്നിങ്സിൽ രോഹിത് ശർമ്മ 176 റൺസും രണ്ടാം ഇന്നിങ്സിൽ 127 റൺസുമാണ് രോഹിത് ശർമ്മ നേടിയത്.