വാതുവെപ്പ് വിവാദത്തിന്റെ പേരിൽ വിലക്കേർപ്പെടുത്തിയ ഷർജീൽ ഖാൻ പാകിസ്ഥാൻ സൂപ്പർ ലീഗ് ഡ്രാഫ്റ്റിൽ പങ്കെടുക്കും. കഴിഞ്ഞ ഓഗസ്റ്റിൽ താരത്തിന്റെ ശിക്ഷ കാലാവധി കഴിഞ്ഞിരുന്നു. തുടർന്നാണ് അടുത്ത് നടക്കാനിരിക്കുന്ന അഞ്ചാം പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ പ്ലയെർസ് ഡ്രാഫ്റ്റിലേക്ക് താരത്തെ തിരഞ്ഞെടുത്തത്. വിലക്ക് കഴിഞ്ഞതിന് ശേഷം അഴിമതി വിരുദ്ധ സമിതിയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചതോടെയാണ് താരത്തെ പാകിസ്ഥാൻ സൂപ്പർ ലീഗ് ഡ്രാഫ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
2017 ഓഗസ്റ്റിലാണ് പാകിസ്ഥാൻ സൂപ്പർ ലീഗിൽ പങ്കെടുക്കുന്നതിനിടെ വാതുവെപ്പിന്റെ പേരിൽ പിടിക്കപ്പെടുന്നത്. തുടർന്ന് അഞ്ച് വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് വിലക്ക് ഏർപെടുത്തിയെങ്കിലും അത് പകുതിയാക്കി പിന്നീട് കുറച്ചിരുന്നു.
പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇസ്ലാമബാദ് യുണൈറ്റഡിന്റെ താരമായിരുന്നു ഷർജീൽ ഖാൻ. മറ്റു പാകിസ്ഥാൻ താരങ്ങളായ ഖാലിദ് ലത്തീഫ്, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് നവാസ്, നസീർ ജംഷിദ്,ഷഹ്‌സായിബ് ഹസൻ എന്നിവരും അന്ന് വാതുവെപ്പ് വിവാദത്തിൽ പെട്ടിരുന്നു. പാകിസ്ഥാന് വേണ്ടി ഒരു ടെസ്റ്റ് മത്സരവും 25 ഏകദിന മത്സരവും 20 ടി20 മത്സരങ്ങളും കളിച്ച താരമാണ് ഷർജീൽ ഖാൻ.