പാക്കിസ്ഥാന് സൂപ്പര്‍ ലീഗിൽ നിന്ന് മികച്ച ബൗളര്‍മാര്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും ടൂര്‍ണ്ണമെന്റിന് മികച്ച ബാറ്റ്സ്മാന്മാരെ സൃഷ്ടിക്കുവാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് വസീം അക്രം. എമേര്‍ജിംഗ് വിഭാഗത്തിൽ നിന്ന് ഒരു താരം പോലും ഇതുവരെ പ്രഭാവം ഉണ്ടാക്കിയിട്ടില്ലെന്നും ഹൈദര്‍ അലിയുടെ ഉദാഹരണം ചൂണ്ടിക്കാണിച്ച് വസീം അക്രം സൂചിപ്പിച്ചു.
പാക്കിസ്ഥാന് സൂപ്പര്‍ ലീഗിന്റെ ആറ് സീസണുകളാണ് ഇതുവരെ കഴിഞ്ഞത്. അതിൽ നിന്ന് ഉയര്‍ന്ന് വന്ന ഒരു പേര് മാത്രമാണ് ഹൈദര്‍ അലിയെന്നും താരവും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തിട്ടില്ലെന്നും വസീം അക്രം വ്യക്തമാക്കി. 40 വയസ്സുള്ള മുഹമ്മദ് ഹഫീസ് പാക്കിസ്ഥാന് നിരയിൽ വളരെ ഫിറ്റായി കളിക്കുന്ന താരമാണ്, എന്നാൽ താരത്തിനിപ്പോള്‍ മികച്ച ഫോമല്ല, പാക്കിസ്ഥാന് സൂപ്പര്‍ ലീഗിൽ നിന്ന് ഒരു ബാറ്റ്സ്മാന് ഉയര്‍ന്ന് വന്നിരുന്നുവെങ്കില്‍ ഹഫീസിന് പകരം ഇപ്പോള്‍ കളിക്കാമായിരുന്നുവെന്നും എന്നാൽ അതല്ല സ്ഥിതിയെന്നും അക്രം വ്യക്തമാക്കി.