പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2021 മാറ്റി വെച്ചതുമായി ബന്ധപ്പെട്ട് ആരാണ് കുറ്റക്കാരനെന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് സമയമില്ലെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് വസീം ഖാന്‍. ലീഗില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് ലീഗ് നിര്‍ത്തി വയ്ക്കുവാനുള്ള സാഹചര്യം ഉണ്ടായത്.
ലീഗിലെ ബയോ ബബിള്‍ മോശം രീതിയിലാണ് ക്രമീകരിച്ചതെന്ന് നിശിതമായ വിമര്‍ശനവുമായി വിവിധ ഫ്രാഞ്ചൈസികള്‍ രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ലീഗ് തത്കാലം ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചത്.
ഒരു കൂട്ടര്‍ മാത്രം വിചാരിച്ചാല്‍ ഈ വിഷമ സ്ഥിതിയില്‍ കാര്യങ്ങള്‍ എല്ലാം കൃത്യമായി നടക്കില്ലെന്നും ബയോ ബബിളില്‍ അതിന്റെ അച്ചടക്കത്തില്‍ കഴിയേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അതുണ്ടാകാത്തതിനാലാണ് ഇപ്പോള്‍ ഈ വിഷമ സ്ഥിതിയുണ്ടായതെന്നും വസീം ഖാന്‍ വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്കുള്ള സമയം അല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
പാക്കിസ്ഥാന്‍ ക്രിക്കറ്റിന് ഇപ്പോള്‍ പരസ്പരം പോരാടുവാനുള്ള സമയം അല്ലെന്നും ഈ തടസ്സം ലീഗുമായി ബന്ധപ്പെട്ട ഓരോരുത്തരുടെയും നഷ്ടമാണെന്നും അദ്ദേഹം അറിയിച്ചു. അതില്‍ ബോര്‍ഡ്, ഫ്രാഞ്ചൈസികള്‍, സ്പോണ്‍സര്‍മാര്‍, കളിക്കാര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ ഉള്‍പ്പെടുന്നുവെന്നും വസീം ഖാന്‍ വ്യക്തമാക്കി.
തടസ്സങ്ങളില്ലാതെ പാക്കിസ്ഥാനില്‍ നടത്തുന്ന ആദ്യ പിഎസ്എല്‍ സീസണാവും ഇതെന്നായിരുന്നു കരുതിയതെന്നും എന്നാല്‍ അത്തരം ഒരു സാഹചര്യം ഉണ്ടായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.