പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന് തിരിച്ചടിയായത് യുഎഇയുടെ വാക്സിനേഷന്‍ നയം. ജൂണില്‍ ടൂര്‍ണ്ണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നടത്തുവാന്‍ അബു ദാബി വേദിയായി ചര്‍ച്ചകള്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് മുന്നോട്ട് കൊണ്ടു പോയെങ്കിലും വാക്സിനേഷനില്ലാതെ ആര്‍ക്കും അബു ദാബിയിലേക്ക് പ്രവേശിക്കാനാകില്ലെന്ന നയം സര്‍ക്കാര്‍ മുന്നോട്ട് വെച്ചതോടെയാണ് ലീഗ് പൂര്‍ത്തിയാക്കാമെന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പദ്ധതികള്‍ക്ക് തിരിച്ചടിയായത്.
20 മത്സരങ്ങള്‍ ആണ് ടൂര്‍ണ്ണമെന്രില്‍ അവശേഷിക്കുന്നത്. ജൂണ്‍ 1 മുതല്‍ 20 വരെ മത്സരങ്ങള്‍ നടത്തുവാന്‍ പദ്ധതിയിട്ട് പാക്കിസ്ഥാന്‍ ലാഹോറില്‍ നിന്നും കറാച്ചിയില്‍ നിന്നും താരങ്ങള്‍ക്കായി ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റുകള്‍ മേയ് 22ന് ഒരുക്കിയെന്നും വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയതോടെ കാര്യങ്ങള്‍ അവതാളത്തിലായി.
പാക്കിസ്ഥാനിലുള്ള ആളുകളുടെ വാക്സിനേഷന്‍ പിസിബി നടത്തിയെങ്കിലും വിദേശ താരങ്ങളും ടെക്നീഷ്യന്മാരുമെല്ലാം വാക്സിനേറ്റ് ചെയ്ത ശേഷം മാത്രമേ യുഎഇയിലേക്ക് പ്രവേശിക്കാനാകൂ എന്ന് പറഞ്ഞതോടെയാണ് ജൂണില്‍ പിഎസ്എല്‍ നടത്താനാകില്ലെന്ന് ബോര്‍ഡ് മനസ്സിലാക്കിയത്.