പ്രൊട്ടോക്കോള്‍ ലംഘനം ആരോപിച്ച് പാക്കിസ്ഥാന്‍ താരം നസീം ഷായെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്‍വലിച്ചു. ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് താരം നോണ്‍-കംപ്ലയന്റ് ആയ ആര്‍ടിപിസിആര്‍ ടെസ്റ്റ് നല്‍കിയെന്ന് തെളിഞ്ഞതോടെയാണ് പ്രൊട്ടോക്കോള്‍ ലംഘനം കാരണം താരത്തിനെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അബു ദാബി ലെഗില്‍ നിന്ന് ഒഴിവാക്കിയത്.
മേയ് 26ന് താരങ്ങള്‍ കറാച്ചിയില്‍ നിന്നും ലാഹോറില്‍ നിന്നും അബു ദാബിയിലേക്ക് പറക്കുവാനിരിക്കുന്നതിന്റെ തൊട്ടുമുമ്പാണ് താരത്തിന്റെ നെഗറ്റീവ് റിപ്പോര്‍ട്ടില്‍ അപാകത കണ്ടെത്തിയത്. 48 മണിക്കൂറിനുള്ളിലുള്ള നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കണമെന്ന നിയമം ഉള്ളപ്പോള്‍ താരം മേയ് 18ന് നടത്തിയ ടെസ്റ്റിന്റെ റിപ്പോര്‍ട്ടാണ് നല്‍കിയതെന്നാണ് ലഭിച്ച വിവരം.
ഇത് കണ്ടെത്തിയ ഉടനെ താരത്തിനെ വേറെ റൂമിലേക്ക് ഐസൊലേഷനിലേക്ക് മാറ്റിയെന്നും താരത്തിനെ ഹോട്ടല്‍ റൂമില്‍ നിന്ന് റിലീസ് ചെയ്യുകയും അബു ദാബിയിലേക്ക് കൊണ്ടു പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തുവെന്നാണ് അറിയുന്നത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ഇന്റഡിപെന്റെന്റ് മെഡിക്കല്‍ അഡ്വൈസറിയുടെ അഭിപ്രായത്തെത്തുടര്‍ന്നാണ് ഈ നീക്കം.