പാക്കിസ്ഥാനിൽ നടന്ന പിഎസ്എൽ ആദ്യ പാദം പാതി വഴിക്ക് നിർത്തേണ്ടി വന്നത് താനോ വഹാബ് റിയാസോ കാരണം അല്ലെന്ന് പറഞ്ഞ് ഡാരൻ സാമി. റിയാസും ഡാരൻ സാമിയും കോവിഡ് പ്രൊട്ടോക്കോളുകൾ ലംഘിച്ചുവെന്ന വാർത്തകൾ അന്ന് വന്നിരുന്നുവെങ്കിലും ടൂർണ്ണമെന്റ് നിർത്തിവയ്ക്കുവാൻ ഉള്ള സാഹചര്യമായി മാറിയത് ഇക്കാരണമാണെന്നതിൽ വ്യക്തതയില്ല.
പേഷ്വാർ സൽമിയുടെ മുഖ്യ കോച്ചായിരുന്നു സാമി. വഹാബ് റിയാസ് ആക്കട്ടെ ടീം നായകനും. ടീം ഉടമ ജാവേദ് അഫ്രീദിയെ പരിശീലനത്തിനിടെ കാണുവാനായി ഇവർ ബയോ ബബിൾ സുരക്ഷ ക്രമീകരണങ്ങളെ മറികടന്നുവെന്നാണ് പറയപ്പെടുന്നത്. ഇത്തരം സാഹചര്യത്തിൽ ഇരുവരും മൂന്ന് ദിവസം ഐസൊലേഷനിലേക്കും പിന്നീട് രണ്ട് കോവിഡ് നെഗറ്റീവ് ഫലത്തിന് ശേഷം മാത്രമേ കളിക്കാൻ യോഗ്യരാകു എന്നാണെങ്കിലും ഇരുവരും നേരെ ടീമിനൊപ്പം ചേരുകയായിരുന്നു.
ഞങ്ങളും ടീമുടയും രണ്ട് കോവിഡ് ടെസ്റ്റുകൾ നടത്തിയിരുന്നുവെന്നും തെറ്റ് സംഭവിച്ചത് ഇത് പുതിയ ലോകമായതിനാലാണെന്നും എന്നാൽ ടൂർണ്ണമെന്റ് നിർത്തിവയ്ക്കേണ്ടി വന്നത് ഞങ്ങൾ കാരണം അല്ലെന്നും സാമി പറഞ്ഞു. പേഷ്വാർ സൽമിയിലെ താരങ്ങളാരും അന്നത്തെ പരിശോധനയിൽ പോസിറ്റീവ് ആയിരുന്നില്ലെന്നതും ഓർക്കേണ്ടതുണ്ടെന്നും തങ്ങളല്ല പിഎസ്എൽ നിർത്തിവയ്ക്കുവാൻ കാരണമെന്നും സാി പറഞ്ഞു.