എബിഡിയെ സ്വാഗതം ചെയ്ത് ബും ബും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ അടുത്ത സീസണ്‍ കളിക്കുവാന്‍ തീരുമാനിച്ച എബി ഡി വില്ലിയേഴ്സിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഷാഹിദ് അഫ്രീദി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് സൂപ്പര്‍ താരത്തെ നിരാശപ്പെടുത്തുകയില്ലെന്നാണ് മുന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ അഭിപ്രായപ്പെട്ടത്. കറാച്ചി കിംഗ്സിനു വേണ്ടി പിഎസ്എലില്‍ കളിക്കുന്ന താരമാണ് ഷാഹിദ് അഫ്രീദി.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ആരാധകരെ ഞെട്ടിച്ചത്. ഡ്രാഫ്ടില്‍ പേര് നല്‍കിയ ഡി വില്ലിയേഴ്സിനു വേണ്ടി അടുത്ത ലേലത്തില്‍ ടീമുകള്‍ തമ്മില്‍ യുദ്ധം തന്നെ പ്രതീക്ഷിക്കുകയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍.