പരിശീലനം ആരംഭിച്ച് മത്സര സജ്ജമാകുവാന്‍ ആറാഴ്ചയെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് വേണ്ടി വരും

അന്താരാഷ്ട്ര ക്രിക്കറ്റിന് തയ്യാറാകുവാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലനം ആരംഭിച്ച് ആറ് ആഴ്ചയെങ്കിലും വേണ്ടി വരുമെന്ന് പറഞ്ഞ് ഇന്ത്യന്‍ ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍. ഇപ്പോള്‍ കോവിഡ് കാരണം താരങ്ങളുടെ പരിശീലനം ഫിറ്റ്നെസ്സിലും ജിം സെഷനുകളും മാത്രമായി ചുരുക്കിയിരിക്കുകയാണ്. ഓരോ താരങ്ങള്‍ക്കും ബിസിസിഐ വ്യക്തിപരമായ ട്രെയിനിംഗ് ചാര്‍ട്ട് നല്‍കുന്നുണ്ടെന്നും ശ്രീധര്‍ വ്യക്തമാക്കി.

ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ആറാഴ്ചത്തെ പരിശീലനം ആവശ്യമാണെങ്കില്‍ ബാറ്റസ്മാന്മാര്‍ക്ക് അതിലും കുറവ് സമയം ആവും ആവശ്യമായി വരുന്നതെന്ന് ശ്രീധര്‍ വ്യക്തമാക്കി. ദേശീയ ക്യാംപ് ആരംഭിക്കുവാനുള്ള അനുമതി ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നാണ് ബോര്‍ഡിന് ലഭിക്കേണ്ടതെന്നും അതിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ആര്‍ ശ്രീധര്‍ വ്യക്തമാക്കി.

പുതിയ പരിശീലനവുമായി താരങ്ങള്‍ പൊരുത്തപ്പെടുന്ന വരെ അവരുടെ വര്‍ക്ക് ലോഡ് കൈകാര്യം ചെയ്യേണ്ടതും ഏറെ ആവശ്യമാണെന്ന് ശ്രീധര്‍ വ്യക്തമാക്കി.