2000ല്‍ മാച്ച് ഫിക്സിംഗിനെത്തുടര്‍ന്ന് പാക്കിസ്ഥാന് ബോര്‍ഡ് ആജീവനാന്ത വിലക്ക് നല്കിയ സലീം മാലിക്കിന് ക്രിക്കറ്റിനെ സേവിക്കുവാന്‍ എന്തെങ്കിലും അവസരം പാക്കിസ്ഥാന് നല്‍കണമെന്ന് അഭിപ്രായപ്പെട്ട് മുന്‍ പാക് നായകന് ഇന്‍സമാം ഉള് ഹക്ക്. താരത്തിന്റെ വിലക്ക് 2008ല്‍ ലാഹോര്‍ പ്രാദേശിക കോടതി നീക്കിയെങ്കിലും പാക്കിസ്ഥാന് സലീം മാലിക്കിനെ വീണ്ടും സഹകരിപ്പിച്ചിരുന്നില്ല.
ബിസിസിഐ അസ്ഹറുദ്ദീനെ വിലക്കിയ ശേഷം പിന്നീട് ഹൈദ്രാബാദ് അസോസ്സിയേഷന് പ്രസിഡന്റാകുവാന്‍ അനുമതി കൊടുത്തത് പോലെ സലീം മാലിക്കിനെയും പാക്കിസ്ഥാന് ബോര്‍ഡ് പരിഗണിക്കണമെന്ന് ഇന്‍സമാം പറഞ്ഞു. സലീം മാലിക്കിന് രണ്ടാമത് ഒരു അവസരം കൊടുക്കണം. മുഹമ്മദ് യൂസഫ്, സഹീര്‍ അബ്ബാസ്, ബാബര്‍ അസം എന്നിവരെ പോലെ മിന്നുന്ന താരമായിരുന്നു സലീം. നൂറിലധികം ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരത്തിന്റെ അനുഭവ സമ്പത്ത് പാക്കിസ്ഥാന് ക്രിക്കറ്റ് ഉപയോഗിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്ന് ഇന്‍സമാം വ്യക്തമാക്കി.
ഇത്തരത്തില്‍ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നത് കഷ്ടമായിപ്പോയെങ്കിലും താരത്തിന് രണ്ടാമതൊരു അവസരം രാജ്യത്തെ സേവിക്കാന്‍ കൊടുക്കണമെന്ന് പാക്കിസ്ഥാന് മുന്‍ സെലക്ടര്‍ കൂടിയായ ഇന്‍സമാം വ്യക്തമാക്കി. പാക്കിസ്ഥാന് വേണ്ടി 103 ടെസ്റ്റഅ മത്സരങ്ങളില്‍ നിന്ന് 5768 റണ്‍സും 283 ഏകദിനങ്ങളില്‍ നിന്ന് 283 റണ്‍സുമാണ് സലീം മാലിക്ക് നേടിയത്.
പുതിയ തലമുറ അദ്ദേഹം കളിക്കുന്നത് കണ്ടിട്ടുണ്ടാവില്ല പക്ഷേ അദ്ദേഹം ഒരു അതുല്യ പ്രതിഭയായിരുന്നു. ഇത്രയധികം കളിയെ അവലോകനം ചെയ്യുന്ന ഒരാളെ വേറെ താന്‍ കണ്ടിട്ടില്ലെന്നും ഇന്‍സമാം സലീമിനെക്കുറിച്ച് പറഞ്ഞു. 10-15 വര്‍ഷം ക്രിക്കറ്റില്‍ നിന്ന് വിട്ട് നിന്നുട്ടുണ്ടാവുമെങ്കിലും താരത്തിന് ഇനിയും പാക്കിസ്ഥാന് ക്രിക്കറ്റിന് തിരിച്ചുകൊടുക്കാന്‍ ആകുമെന്ന് ഇന്‍സമാം സൂചിപ്പിച്ചു.