ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അടിച്ച് തകര്‍ത്തപ്പോള്‍ കന്നി അഞ്ച് വിക്കറ്റ് നേട്ടവുമായി പാറ്റ് കമ്മിന്‍സ്

Sports Correspondent

ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും അടിച്ച് തകര്‍ത്തപ്പോളും ഓസ്ട്രേലിയയ്ക്ക് ആശ്വാസമായി പാറ്റ് കമ്മിന്‍സിന്റെ ബൗളിംഗ് പ്രകടനം. തന്റെ പത്തോവറില്‍ 70 റണ്‍സ് വഴങ്ങിയെങ്കിലും 5 വിക്കറ്റാണ് പാറ്റ് കമ്മിന്‍സ് നേടിയത്. ഏകദിനത്തിലെ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടമാണ് ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ഇന്ന് മൊഹാലായില്‍ സ്വന്തമാക്കിയത്.

ഇതില്‍ 143 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെയും അടിച്ച് തകര്‍ത്ത് മുന്നേറുകയായിരുന്ന ഋഷഭ് പന്തിന്റെയും(36) നിര്‍ണ്ണായക വിക്കറ്റുകള്‍ ഉള്‍പ്പെടുന്നു. വിജയ് ശങ്കര്‍ 15 പന്തില്‍ 26 റണ്‍സ് നേടി അപകടകാരിയായി മാറുന്ന ഘട്ടത്തില്‍ പാറ്റ് കമ്മിന്‍സ് തന്നെയാണ് മടക്കി അയയ്ച്ചത്. കേധാര്‍ ജാഥവ്, യൂസുവേന്ദ്ര ചഹാല്‍ എന്നിവരാണ് മറ്റു രണ്ട് വിക്കറ്റുകള്‍.