പാറ്റ് കമ്മിൻസ് ടി20 ലോകകപ്പിൽ കളിക്കുന്ന കാര്യം സംശയത്തിൽ

Newsroom

Resizedimage 2025 12 23 19 45 18 1


ഓസ്‌ട്രേലിയൻ ടെസ്റ്റ്, ഏകദിന നായകൻ പാറ്റ് കമ്മിൻസിന്റെ 2026-ലെ ടി20 ലോകകപ്പ് പങ്കാളിത്തം അനിശ്ചിതത്വത്തിലായി. പുറത്തിനേറ്റ പരിക്ക് (Back stress injury) പൂർണ്ണമായും ഭേദമാകാത്തതിനെത്തുടർന്ന് താരത്തിന് ലോകകപ്പ് നഷ്ടമായേക്കുമെന്ന് ഓസ്‌ട്രേലിയൻ ഹെഡ് കോച്ച് ആൻഡ്രൂ മക്‌ഡൊണാൾഡ് സൂചന നൽകി.

Resizedimage 2025 12 23 10 33 04 1

ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ കളത്തിലിറങ്ങിയ കമ്മിൻസ് ആറ് വിക്കറ്റുകൾ വീഴ്ത്തി ഓസ്‌ട്രേലിയയ്ക്ക് പരമ്പര വിജയം ഉറപ്പാക്കിയിരുന്നു. എന്നാൽ പരിക്കിന്റെ തീവ്രത കണക്കിലെടുത്ത് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. ഫെബ്രുവരി ഏഴിന് ഇന്ത്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കുന്ന ലോകകപ്പിന് മുൻപ് കമ്മിൻസിന് പൂർണ്ണ കായികക്ഷമത വീണ്ടെടുക്കാൻ കഴിയുമോ എന്ന കാര്യം ഇപ്പോൾ വ്യക്തമല്ലെന്ന് മക്‌ഡൊണാൾഡ് പറഞ്ഞു.

കഴിഞ്ഞ ജൂലൈയിൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെയാണ് താരത്തിന് നട്ടെല്ലിന് താഴെയായി പരിക്ക് (Lumbar stress reaction) റിപ്പോർട്ട് ചെയ്തത്. നിലവിൽ മിച്ചൽ മാർഷാണ് ഓസ്‌ട്രേലിയയുടെ ടി20 ടീമിനെ നയിക്കുന്നത്. ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിന് മുൻപ് ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട ബൗളർ പരിക്കിന്റെ പിടിയിലായത് ഓസ്‌ട്രേലിയൻ ക്യാമ്പിനെ ആശങ്കയിലാക്കുന്നുണ്ട്.