പുതിയ ക്രിക്കറ്റ് സീസണ് മുന്നോടിയായിട്ടുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാമ്പ് മുൻ ക്യാപ്റ്റൻ മിസ്ബ ഉള്‍ ഹഖിന്റെ നേതൃത്വത്തിൽ നടക്കും. 20 പാകിസ്ഥാൻ താരങ്ങൾക്ക് 17 ദിവസത്തെ പ്രീ സീസൺ പരിശീലനം ആണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഒരുക്കിയിരിക്കുന്നത്. 14 മുഖ്യ കരാർ ഉള്ള താരങ്ങളെ കൂടാതെ 6 മറ്റു താരങ്ങളും ഈ ക്യാമ്പിൽ പങ്കെടുക്കും. ലാഹോറിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിവെച്ച് ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 7 വരെയാണ് ക്യാമ്പ്.
നേരത്തെ ലോകകപ്പിലെ പാകിസ്ഥാന്റെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകനായിരുന്ന മികി ആർതറുടെയും സപ്പോർട്ടിങ് സ്റ്റാഫുകളുടെയും കരാർ പുതുക്കേണ്ടതില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് പരിശീലന ക്യാമ്പ് നയിക്കാൻ മുൻ നായകൻ കൂടിയായ മിസ്ബ ഉള്‍ ഹഖിനെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചത്. കൂടാതെ പാകിസ്ഥാന്റെ പരിശീലകനായി മിസ്ബ ഉള്‍ ഹഖിനെ നിയമിക്കാനും സാധ്യതയുണ്ടെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.