ബംഗ്ളദേശിനെതിരായ രണ്ടാം ടി20 മത്സരം അനായാസം സ്വന്തമാക്കി പാകിസ്ഥാൻ. 9 വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ ജയം. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-0ന് ജയിക്കാനും പാകിസ്ഥാനായി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 136 റൺസാണ് എടുത്തത്. ബംഗ്ലാദേശിന് വേണ്ടി 65 റൺസ് എടുത്ത ഓപ്പണർ തമിം ഇക്ബാൽ മാത്രമാണ് പൊരുതിയത്. തുടർന്ന് 21 റൺസ് എടുത്ത അഫീഫ് ഹുസ്സൈൻ മാത്രമാണ് കുറച്ചെങ്കിലും ബംഗ്ളദേശ് നിരയിൽ പൊരുതി നോക്കിയത്. പാകിസ്ഥാന് വേണ്ടി മുഹമ്മദ് ഹസ്നൈൻ 2 വിക്കറ്റ് വീഴ്ത്തി.
തുടർന്ന് ബാറ്റ് ചെയ്ത പാകിസ്ഥാന് 6 റൺസ് എടുക്കുന്നതിനിടെ അഹ്സൻ അലിയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ട്ടപെട്ടെങ്കിലും തുടർന്ന് മനോഹരമായി ബാറ്റ് ചെയ്ത ബാബർ അസമും മുഹമ്മദ് ഹഫീസും പാകിസ്ഥാന് അനായാസം ജയം സമ്മാനിക്കുകയിരുന്നു. ബാബർ അസം 44 പന്തിൽ 66 റൺസും മുഹമ്മദ് ഹഫീസ് 49 പന്തിൽ 67 റൺസുമെടുത്ത് പുറത്താവാതെ നിന്നു.