ടീമിലെ അസ്വാരസ്യങ്ങളെ തള്ളി പാക്കിസ്ഥാന്‍ ബോര്‍ഡ്

സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം പാക്കിസ്ഥാന്‍ 190 റണ്‍സിനു ഓള്‍ഔട്ട് ആയി പവലിയനിലേക്ക് തിരികെ എത്തിയപ്പോള്‍ ടീമംഗങ്ങളെ കോച്ച് മിക്കി ആര്‍തര്‍ എടുത്ത് കുടഞ്ഞുവെന്ന വാര്‍ത്തകളെ തള്ളി പാക്കിസ്ഥാന്‍ ബോര്‍ഡ്. സര്‍ഫ്രാസ് അഹമ്മദ്, അസ്ഹര്‍ അലി, അസാദ് ഷഫീക്ക് എന്നിവരുടെ മോശം ഷോട്ടുകള്‍ക്ക് താരങ്ങളെ ഏറെ പഴി പറഞ്ഞ പാക്കിസ്ഥാന്‍ മുഖ്യ കോച്ചിന്റെ നടപടിയെ തുടര്‍ന്ന് ടീമില്‍ വലിയ എതിര്‍പ്പുണ്ടെന്നാണ് പാക്കിസ്ഥാന്‍ പ്രാദേശിക മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സര്‍ഫ്രാസും കോച്ചും തമ്മില്‍ വാക്ക് തര്‍ക്കത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. എന്നാല്‍ ഇവയെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ബോര്‍ഡ് ടീം മാനേജ്മെന്റിനു വേണ്ടി പത്രക്കുറിപ്പിറക്കിയത്. മികച്ച തുടക്കത്തില്‍ നിന്നാണ് പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ തകര്‍ന്നത്.

100/1 എന്ന നിലയില്‍ നിന്ന് 190 റണ്‍സിനു ടീം ഓള്‍ഔട്ട് ആയതോടെ വലിയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ നല്‍കാമെന്ന പാക്കിസ്ഥാന്റെ മോഹങ്ങള്‍ അസ്ഥാനത്താകുകയായിരുന്നു.

Exit mobile version