ഏഷ്യ കപ്പ് 2018ലെ കിരീട ജേതാക്കള്‍ പാക്കിസ്ഥാനാകുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ പാക്കിസ്ഥാന്‍ താരം സഹീര്‍ അബ്ബാസ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാവും കിരീടപ്പോരാട്ടമെങ്കിലും മൂന്നാം തവണയും പാക്കിസ്ഥാന്‍ കപ്പുയര്‍ത്തുമെന്നാണ് മുന്‍ ഇതിഹാസ താരത്തിന്റെ വാക്കുകള്‍. 50 ഓവര്‍ ഫോര്‍മാറ്റില്‍ മികച്ച ഫോമിലാണ് പാക്കിസ്ഥാന്‍. അത് തന്നെ ഇന്ത്യയ്ക്കെതിരെ സെപ്റ്റംബര്‍ 19നുള്ള ഗ്രൂപ്പ് മത്സരത്തിലും കിരീടം നേടുന്നതിലും പാക്കിസ്ഥാനു മുന്‍തൂക്കും നല്‍കുന്നതെന്ന് അബ്ബാസ് അഭിപ്രായപ്പെട്ടു.
പാക്കിസ്ഥാന്‍ ഈ അടുത്ത് കളിക്കുന്നത് കണ്ടിട്ട് അവര്‍ക്കാണ് കിരീട സാധ്യത. ഇന്ത്യയും പാക്കിസ്ഥാനും തന്നെയാവും ഫൈനല്‍ പോരാട്ടത്തിനെത്തുകയെങ്കിലും പാക്കിസ്ഥാനാവും കൂടുതല്‍ കിരീട സാധ്യതയെന്ന് അബ്ബാസ് കൂട്ടിചേര്‍ത്തു. ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നറുടെ അഭാവവും ടൂര്‍ണ്ണമെന്റില്‍ പ്രകടമാവുമെന്ന് അബ്ബാസ് പറഞ്ഞു. കോഹ്‍ലിയുടെ അഭാവത്തെ പറ്റിയാണ് അബ്ബാസിന്റെ ഈ പരാമര്‍ശം. യുഎഇയില്‍ ഇന്ത്യയ്ക്കെതിരെയുള്ള മികച്ച റെക്കോര്‍ഡും പാക്കിസ്ഥാനു തുണയാവുമെന്ന് അബ്ബാസ് പറഞ്ഞു.
26 തവണ ടീമുകള്‍ യുഎഇയില്‍ ഏറ്റുമുട്ടിയപ്പോള്‍ 19 തവണയും പാക്കിസ്ഥാനായിരുന്നു ജയം. 2000ല്‍ ആദ്യമായി ഏഷ്യ കപ്പ് വിജയിച്ച പാക്കിസ്ഥാന്‍ 2012ല്‍ രണ്ടാം തവണ കിരീടം നേടി.